കിഴക്കമ്പലം സംഘര്‍ഷം; നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തൊഴില്‍മന്ത്രി

കിഴക്കമ്പലം സംഘര്‍ഷത്തില്‍ നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധകളും അന്വേഷണവും നടത്തുമെന്നും തൊഴില്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കിഴക്കമ്പലം സംഘര്‍ഷത്തില്‍ ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും. പൊലീസ് വാഹനം കത്തിച്ച സംഭവത്തില്‍ എന്തെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അറിയേണ്ടത്. ഇതിനിടെ കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ക്കായി കൂടുതല്‍ പരിശോധനകള്‍ നടത്തും.
സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരു ഝാര്‍ഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കായും തെരച്ചില്‍ നടത്തും. അതേസമയം കേസില്‍ പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തി. തൊഴിലാളികള്‍ പലരും മദ്യപിച്ചിരുന്നു. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു.
Read Also : കിഴക്കമ്പലം സംഘർഷം : ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും
സ്ഥിതിഗതികള്‍ വഷളായതോടെ കിറ്റെക്‌സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
Story Highlights : kizhakkambalam, v shivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here