രൺജീത് വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ രൺജീത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവാണ് അറസ്റ്റിലായത്. വെള്ളക്കിണർ സ്വദേശിയായ പ്രതി ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ ചില എസ്‌ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നയാളാണ് സിനു. കൊലപാതക സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയ ആളാണ് സിനുവെന്ന് പൊലീസ് പറയുന്നു. (ranjith murder one arrest)
അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കൊലയാളികൾ സംസ്ഥാനം വിട്ടെന്ന എഡിജിപിയുടെ പ്രസ്താവന കുറ്റസമ്മതമാണ്. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പൊലീസ് സമ്മതിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ അനൂപ്,അഷ്‌റഫ്,ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
Read Also : രൺജീത് വധക്കേസ് എൻ ഐ എയ്ക്ക് കൈമാറണം; അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു: കെ സുരേന്ദ്രൻ
പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പൊലീസ്. കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറിൽ നടന്ന കൊലപാതകത്തിൽ ഉൾപ്പെട്ട പന്ത്രണ്ട് പേരാണ് രൺജീത്തിനെ വെട്ടിയത്. ഈ സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുൻപ് പ്രതികൾ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിനിടെ ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി അനീഷിനെ ആലുവയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരെ ഒളിവിൽ പോകാൻ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Story Highlights : ranjith murder one more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here