Advertisement

അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ ജയിച്ചു; പാകിസ്താൻ തോറ്റു; ഫൈനലിൽ ശ്രീലങ്ക-ഇന്ത്യ പോരാട്ടം

December 30, 2021
Google News 2 minutes Read

അണ്ടർ 19 ഏഷ്യാ കപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെ 103 റൺസിനു തകർത്ത ഇന്ത്യൻ യുവനിര കലാശപോരിലേക്ക് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 140 റൺസിന് ഓൾഔട്ടായി. 90 റൺസെടുത്ത് പുറത്താവാതെ നിന്ന ഷെയ്ഖ് റഷീദ് ഇന്ത്യയുടെ ടോപ്പ് സ്കോററായി. (asia cup india pakistan)

അങ്ക്രിഷ് രഘുവംശി (16), ഹർനൂർ സിംഗ് (15) നിഷാന്ത് സിദ്ധു (5) എന്നിവർ വേഗം മടങ്ങിയതോടെ ഇന്ത്യ 22 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന അപകടകരമായ അവസ്ഥയിലായിരുന്നു. നാലാം വിക്കറ്റിൽ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഒത്തുചേർന്നതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിനു ദിശാബോധമുണ്ടായത്. 41 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ക്യാപ്റ്റൻ യാഷ് ധുൽ (26) മടങ്ങി. അഞ്ചാം വിക്കറ്റിൽ രാജ് ബവയുമായി ചേർന്ന് വീണ്ടും ഷെയ്ഖ് റഷീദ് രക്ഷാപ്രവർത്തനം നടത്തി. 46 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രാജ് ബവയും (23) പുറത്തായി. കൗശൽ താംബെ (3), ആരാധ്യ യാദവ് (8) എന്നിവരും പൊരുതാതെ കീഴടങ്ങി. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന റഷീദ് വാലറ്റക്കാരുടെ കൂട്ടുപിടിച്ചാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. 9ആം നമ്പർ താരം രാജവർധൻ ഹങ്കർഗേക്കർ (7 പന്തിൽ 16), 10ആം നമ്പർ താരം വിക്കി ഓസ്‌വാൾ (18 പന്തിൽ 28) എന്നിവർ ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക സംഭാവനകൾ നൽകി. ബംഗ്ലാദേശിനായി ക്യാപ്റ്റൻ റാക്കിബുൽ ഹസൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യൻ ബൗളിംഗിനെ പരീക്ഷിക്കാൻ ബംഗ്ലാദേശിനായില്ല. ബംഗ്ലാ നിരയിലെ ആറ് താരങ്ങൾ ഒറ്റയക്കത്തിനു പുറത്തായി. 42 റൺസ് നേടിയ ആരിഫുൽ ഇസ്ലാമാണ് അവരുടെ ടോപ്പ് സ്കോറർ. ടി-20 ശൈലിയിൽ ബാറ്റിംഗ് ആരംഭിച്ച അവരെ ഇന്ത്യ തുടർ വിക്കറ്റുകളിലൂടെ തകർത്തെറിയുകയായിരുന്നു. ഇന്ത്യക്കായി 4 താരങ്ങൾ 2 വിക്കറ്റ് വീതം വീഴ്ത്തി.

മറ്റൊരു മത്സരത്തിൽ പാകിസ്താനെ 22 റൺസിനു കീഴടക്കി ശ്രീലങ്ക ഫൈനലിലെത്തി. അവസാന മൂന്ന് സ്ഥാനക്കാരുടെ ബാറ്റിംഗ് മികവിൽ 147 റൺസെടുത്ത ശ്രീലങ്ക പാകിസ്താനെ 125 റൺസിന് എറിഞ്ഞിടുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക 150നരികെ എത്തിയത്. സീഷൻ സമീർ പാകിസ്താനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ അവിശ്വസനീയമായി തകർന്നടിഞ്ഞ പാകിസ്താൻ ഞെട്ടിക്കുന്ന പരാജയം വഴങ്ങുകയായിരുന്നു. ശ്രീലങ്കക്കായി ട്രെവീൻ മാത്യു 4 വിക്കറ്റ് വീഴ്ത്തി.

Story Highlights : u 19 asia cup india won pakistan lost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here