Advertisement

‘ഷിബു അപ്രതീക്ഷിതമായി വന്ന അതിഥി’; ഗുരു സോമസുന്ദരത്തിന് പറയാനുള്ളത്

December 31, 2021
1 minute Read
guru somasundaram

അരുണ്യ സി.ജി/ഗുരു സോമസുന്ദരം

മലയാളികളുടെ സ്ഥിരം വേഷം വില്ലന്‍ വേഷ സങ്കല്‍പങ്ങളെ അകറ്റിനിര്‍ത്തിയാണ് മിന്നല്‍ മുരളിയില്‍ ഷിബുവായി ഗുരു സോമസുന്ദരം എത്തിയത്. ’28 വര്‍ഷമായി…എനിക്കും അറിയില്ലായിരുന്നു എങ്ങനെയാ പറയേണ്ടതെന്ന്….’ കണ്ണീരുവറ്റാത്ത മുഖവും നിഷ്‌കളങ്കമായ ചിരിയും ഉഷയോടുള്ള പ്രണയവും എല്ലാം ഗുരു സോമസുന്ദരത്തെ വ്യത്യസ്തനാക്കി നിര്‍ത്തി. എവിടെയൊക്കെയോ നായകനൊപ്പവും നായകനെക്കാള്‍ ഒരു പടി മുന്നിലും ഷിബുവെത്തി. മലയാളത്തില്‍ നിന്നും ഇത്രയധികം സ്വീകാര്യതയും സ്‌നേഹവും ഒരു വില്ലന് കിട്ടുമ്പോള്‍ നിറഞ്ഞ സന്തോഷത്തിലാണ് ഗുരു സോമസുന്ദരം.

പുതിയ വില്ലന്‍, മികച്ച കഥാപാത്രം, ഷിബുവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്തുതോന്നുന്നു?

വളരെ സന്തോഷത്തിലാണ് ഞാന്‍. മിന്നല്‍ മുരളി പോലൊരു ചിത്രത്തില്‍ അഭിനയിച്ചതിനും ഒപ്പം ബേസില്‍, ടൊവിനോ കൂട്ടുകെട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെയൊക്കെ സന്തോഷത്തിലാണിപ്പോള്‍. ഷിബു എന്ന കഥാപാത്രത്തെ എല്ലാവരും സ്വീകരിച്ചു, ഇഷ്ടപ്പെട്ടു. ഷിബുവിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ റിവ്യൂസും അഭിപ്രായങ്ങളുമൊക്കെ വരുമെന്നറിയാമായിരുന്നു.

പക്ഷേ എന്റെ കഥാപാത്രത്തെ ആളുകള്‍ ഇത്രയധികം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇതെല്ലാം സംഭവിച്ചത്. മലയാളികളില്‍ നിന്ന് ഇത്ര സപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഭയങ്കര സന്തോഷമാണ്.

നാടക നടനായിരുന്നു. അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ച്?

27ാം വയസിലാണ് ഞാന്‍ അഭിനരംഗത്തേക്കെത്തുന്നത്. നാടകങ്ങളില്‍ സജീവമായിരുന്നു. 2011ലാണ് ത്യാഗരാജന്‍ കുമാരരാജയുടെ ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രത്തിലഭിനയിക്കുന്നത്. വലിയ അഭിനയ മോഹമൊന്നും ആ സമയത്തുണ്ടായിരുന്നില്ല. പക്ഷേ ആരണ്യകാണ്ഡത്തിന് നല്ല റിവ്യൂസ് ആയിരുന്നു കിട്ടിയത്. പിന്നെ പതിയെ പതിയെ കൂടുതല്‍ സിനിമകള്‍ ചെയ്തുതുടങ്ങി. പാണ്ഡ്യനാട്, ജോക്കര്‍ തുടങ്ങി കരിയറില്‍ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗുരു സോമസുന്ദരം എങ്ങനെ മിന്നല്‍ മുരളിയിലെ ഷിബു ആയി മാറി?

മിന്നല്‍ മുരളിയിലേക്ക് സംവിധായകന്‍ ബേസില് ജോസഫ് നേരിട്ടുവിളിക്കുകയാണ് ചെയ്തത്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നപ്പോഴാണ് അത് സംഭവിക്കുന്നത്. ബേസില്‍ നേരിട്ടെത്തി കഥ പറഞ്ഞുതന്നു. കഥ കേട്ടപ്പോള്‍ തന്നെ വളരെ ഇഷ്ടമായി. അപ്പോള്‍ തന്നെ കമിറ്റ് ചെയ്തു.

ഗുരു സോമസുന്ദരം തന്നെയാണ് ഷിബുവിനും ശബ്ദം നല്‍കിയത്. ഭാഷ പ്രശ്‌നമായിരുന്നോ?

മിന്നല്‍ മുരളിയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുമ്പോള്‍ മലയാളം അറിയില്ലായിരുന്നു. പിന്നെ റോള്‍ കണ്‍ഫോമായപ്പോള്‍ ഭാഷ പഠിച്ചെടുക്കാന്‍ തീരുമാനിച്ചു. 2019ലാണ് സിനിമയുടെ തുടക്കം. മൂന്നുമാസത്തോളം മലയാളം പഠിച്ചെടുക്കാന്‍ സമയം കിട്ടി. ഭാഷ പഠിച്ചുകഴിഞ്ഞതില്‍പ്പിന്നെ ഷൂട്ടിങ് സെറ്റില്‍ വളരെ കംഫര്‍ട്ട് ആയിരുന്നു. ഷൂട്ടിങ് സെറ്റിലെ മറ്റുള്ളവരോടൊക്കെ മലയാളത്തില്‍ തന്നെ സംസാരിക്കുമായിരുന്നു.

ബേസില്‍ ജോസഫ് എന്ന സംവിധായകനെ കുറിച്ച്?

ബേസില്‍ ജോസഫ് അടിപൊളിയാണ്. സെറ്റിലും ആ അടിപൊളി മനുഷ്യനെ കാണാമായിരുന്നു. ഇത്രയധികം രസകരമായ ഒരു ഷൂട്ടിങ് സൈറ്റില്‍ മുന്‍പ് ഞാനുണ്ടായിട്ടില്ല. വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ് ബേസിലിന്റേത്. എന്തുചെയ്യാനായും അദ്ദേഹത്തിന് കൃത്യമായ പ്ലാനിങ് ഉണ്ടാകും. പക്ഷേ എപ്പോഴും ഒരു ചിരിയുണ്ടാകും ബേസിലിന്റെ മുഖത്ത്. അതാണ് പ്രത്യേകത.

ഉഷയോടുള്ള പ്രണയത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയിച്ചിട്ടുണ്ടോ?

സിനിമയില്‍ കാണുന്നത് പോലെ സീരിയസായ പ്രണയമൊന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ കാലഘട്ടത്ത് ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളോട് പ്രണയമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ പറയാന്‍ പേടിയായിരുന്നു. ഷിബുവിനും അതാണ് സംഭവിച്ചിട്ടുള്ള്.

സിനിമയില്‍ ടൊവിനോ തോമസുമായുള്ള കെമിസ്ട്രി?

എനിക്കൊരു സഹോദരനെ പോലൊയാണ് ടൊവിനോ തോമസ്. സിനിമയില്‍ ഫിസിക്കല്‍ ചലഞ്ചസ് ടൊവിനോയ്ക്കായിരുന്നു കൂടുതല്‍. പല കാര്യങ്ങളിലും ടൊവിനോയ്ക്കായിരുന്നു എന്നെക്കാള്‍ വെല്ലുവിളി. അതെല്ലാം അദ്ദേഹം നന്നായി കൈകാര്യം ചെയ്തു.

ഭാവി സിനിമകള്‍?

മലയാളം ആയാലും തമിഴ് ആയാലും നല്ല നല്ല സിനിമകളുടെ ഭാഗമാകാനാണ് എനിക്കാഗ്രഹം. മിന്നല്‍ മുരളിക്ക് ശേഷം ചട്ടമ്പി എന്ന മലയാളം ചിത്രത്തിലാണ് ഞാനെത്തുന്നത്. ഷൂട്ടിങ് എല്ലാം പൂര്‍ത്തിയായി. ഇടുക്കിയിലായിരുന്നു ഷൂട്ടിങ്. നല്ലൊരു ടീമിന്റെ കൂടെയാണ് ആ സിനിമയിലും എത്തുന്നത്. മോഹന്‍ലാല്‍ സാറിന്റെ ബറോസ് എന്ന സിനിമയുടെയും ഭാഗമാകുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു.

സിനിമയില്‍ സജീവമാകാന്‍ തന്നെയാണോ താത്പര്യം?

സിനിമ തന്നെയാണെന്റെ തൊഴില്‍. നാടകക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ സമയമില്ല എന്നതാണ് സത്യം. പക്ഷേ നല്ല നാടകങ്ങള്‍ കാണാന്‍ പോകാറുണ്ട്. മിന്നല്‍ രണ്ടാം ഭാഗം എത്തിയാല്‍ അഭിനയിക്കാനും ആഗ്രമുണ്ട്. പക്ഷേ അതൊക്കെ തീരുമാനിക്കേണ്ടത് സംവിധായകനും നിര്‍മാതാവുമാണ്. രണ്ടാം ഭാഗമെത്തിയാല്‍, അവസരം കിട്ടിയാല്‍ ഒത്തിരി സന്തോഷം.

Story Highlights : guru somasundaram, Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top