Advertisement

ഒമിക്രോൺ പിടിമുറുക്കുമ്പോൾ; ന്യൂ ഇയർ ആഘോഷങ്ങൾ റദ്ദാക്കിയ ലോക രാജ്യങ്ങൾ!!

December 31, 2021
Google News 2 minutes Read


കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്‌റോണിന്റെ വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഈ മഹാമാരിയെ നേരിടാൻ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു. ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പുതുവത്സര ആഘോഷത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ, ടൈംസ് സ്‌ക്വയറിലെ പുതുവത്സരാഘോഷം ലഘൂകരിക്കുമെന്നും എല്ലാവരും മാസ്ക് ധരിച്ചു സുരക്ഷാ ഉറപ്പാക്കണമെന്നും മേയർ ബിൽ ഡി ബ്ലാസിയോയുടെ ഓഫിസ് വ്യാഴാഴ്ച അറിയിച്ചു. എന്നാൽ യൂറോപ്പിലെ ചില പ്രധാന നഗരങ്ങളിൽ, ഒമിക്രോണിന്റെ വ്യാപനം അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചില രാജ്യങ്ങൾ ആഘോഷങ്ങൾ റദ്ദാക്കുന്നതായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഘോഷങ്ങൾ റദ്ദുചെയ്ത നഗരങ്ങൾ

ഏഥൻസ്

ഈ വർഷം അക്രോപോളിസിൽ കരിമരുന്ന് പ്രയോഗങ്ങളും മുനിസിപ്പാലിറ്റികൾ ആസൂത്രണം ചെയ്ത ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും റദ്ദാക്കിയതായി ഡിസംബർ 23 നു നടന്ന വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി താനോസ് പ്ലെവ്റിസ് പറഞ്ഞിരുന്നു. ഗ്രീസിൽ എത്തിച്ചേരുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കി. മാത്രമല്ല, യാത്രക്കാർ എത്തിയതിന് ശേഷമുള്ള രണ്ടാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ കൊവിഡ് -19 പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്. ഡിസംബർ 24 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ ഇൻഡോർ, ഔട്ട്ഡോർ സ്പെയ്സുകളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയിരുന്നു. സൂപ്പർമാർക്കറ്റുകൾ, പൊതുഗതാഗതം എന്നിവ ഉപയോഗിക്കുന്നവർ ഡബിൾ മാസ്‌ക് വേണം ധരിക്കാൻ. ജനുവരി 3 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബെർലിൻ

കൊവിഡിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പുതുവത്സരാഘോഷങ്ങൾ നിരോധിക്കുന്നതിന് ജർമ്മനി കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേതുടർന്ന്, തലസ്ഥാനമായ ബെർലിനിലോ മ്യൂണിച്ച്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ വലിയ ഒത്തുചേരൽ നടക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരമാവധി 10 പേരടങ്ങുന്ന ആൾക്കൂട്ടങ്ങൾക്കാണ് നിലവിൽ ഒത്തുചേരാൻ അനുമതി ഉള്ളത്. 13 വയസും അതിൽ താഴെയുമുള്ള കുട്ടികളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എഡിൻബർഗ്

സ്കോട്ട്ലൻഡിൽ പൊതുഇടങ്ങളിലെ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കുമെന്ന് സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജൻ അറിയിച്ചു. “നിർഭാഗ്യവശാൽ നമ്മുടെ തലസ്ഥാന നഗരിയിൽ ആസൂത്രണം ചെയ്തിരുന്ന വലിയ ആഘോഷങ്ങൾ നടക്കില്ല. ഈ ദിനങ്ങൾക്കുവേണ്ടി കാത്തിരുന്നവർക്ക് ഈ വാർത്ത എത്രമാത്രം നിരാശ ഉണ്ടാക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു എന്നും മന്ത്രി നിക്കോള സ്റ്റർജൻ പറഞ്ഞു.

ലണ്ടൻ

കൊവിഡ് ആശങ്കകളെ തുടർന്ന് ലണ്ടനിൽ ആസൂത്രണം ചെയ്ത പുതുവത്സരാഘോഷ പരിപാടികൾ റദ്ദാക്കിയതായി ലണ്ടൻ മേയർ സാദിഖ് ഖാൻ ഡിസംബർ 20 തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. “കൊവിഡ് കേസുകളുടെ വർധനവ് കാരണം, ട്രാഫൽഗർ സ്ക്വയറിലെ ആഘോഷ പരിപാടികൾ റദ്ദാക്കാനായുള്ള തീരുമാനവും എടുത്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. ട്രാഫൽഗർ സ്ക്വയറിൽ 6,500 പേർക്ക് ആതിഥേയത്വം വഹിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. റദ്ദാക്കിയ പരിപാടികൾക്ക് പകരമായി ബിബിസി വണ്ണിൽ അർദ്ധരാത്രിയിൽ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നും ഖാൻ പറഞ്ഞു.

Read Also : സംഭവം മാസ്സാണ്; കോണ്ടസ വിന്റേജ് കാറിൽ ഇന്ത്യ ചുറ്റി മലപ്പുറം സ്വദേശികൾ…

റോം

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനിച്ച നിരവധി നഗരങ്ങളിൽ റോമും ഉൾപ്പെടുന്നു. വെനീസിലെ തുറന്ന മൈതാനങ്ങളിൽ നടന്നിരുന്ന പാർട്ടികളും ആഘോഷങ്ങളും റദ്ദ് ചെയ്തു. ജനുവരി മാസം നൈറ്റ് ക്ലബ്ബുകൾ അടച്ചിടാനാണ് തീരുമാനം. കൂടാതെ, കാമ്പാനിയ മേഖലയിൽ ജനുവരി 1 വരെ പൊതു ഇടങ്ങളിലുള്ള വിരുന്നുകളും മദ്യപാനവും നിരോധിച്ചിട്ടുണ്ട്.

പാരീസ്

പുതുവർഷത്തെ വരവേൽക്കുന്നതിനായി കാലങ്ങളായി നടന്നുവന്നിരുന്ന ചാംപ്‌സ്-എലിസീസ് അവന്യൂവിനു മുകളിലൂടെയുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ പാരീസ് സർക്കാർ റദ്ദാക്കി. കൂടാതെ, ഡിജെ സെറ്റുകളും ഉണ്ടാവില്ലെന്ന് മേയറുടെ ഓഫിസ്‌ അറിയിച്ചു. പുതുവത്സര രാവിൽ പ്രധാന പൊതു പാർട്ടികൾ നിരോധിക്കുമെന്നും വർഷാവസാന പാർട്ടികളിൽ ഒത്തുചേരുന്നതിന് മുമ്പ് വാക്സിനേഷൻ ഉറപ്പാക്കണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു.

ന്യൂഡെൽഹി

കൊവിഡ് -19 കേസുകളുടെ വർധിക്കുന്നതിനാൽ ഡൽഹി സർക്കാർ, കൂടിച്ചേരലുകൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം ആഘോഷിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവയൊന്നും പ്രവർത്തിക്കുന്നില്ലെന്ന് എല്ലാ ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ബാറുകളും റെസ്റ്റോറന്റുകളും 50% ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുവെന്നും ഡൽഹി സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

Story Highlights : New Year Celebrations banned in these states amid omicron surge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here