28
Jan 2022
Friday

ഐസ് ക്രീം തറയിലിടുന്നു, പാത്രം എറിഞ്ഞുടയ്ക്കുന്നു; ന്യൂ ഇയറിലെ വിചിത്ര ആചാരങ്ങൾ…

പ്രതീക്ഷകളുടെയും ആഘോഷങ്ങളുടെയും വരവേൽപ്പാണ് പുതുവത്സരരം. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള ആളുകൾ അതിനെ അത് സന്തോഷപൂർവം വരവേൽക്കുന്നത്. 2021 നോട് വിട പറഞ്ഞ് നല്ല നാളെക്കായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. പാട്ടുപാടിയും നൃത്തം ചെയ്തും മാത്രമല്ല പുതുവത്സരദിനത്തിൽ ആഘോഷങ്ങൾ നടക്കുന്നത്. വളരെ വിചിത്രമായ രീതിയിൽ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. എന്തെല്ലാമാണ് പുതുവത്സരത്തിലെ വ്യത്യസ്തമായ ആചാരങ്ങൾ എന്ന് നോക്കാം.

ഐസ് ക്രീം തറയിലിടുന്നു – സ്വിറ്റ്സർലൻഡ്


ഐസ് ക്രീമുകൾ സന്തോഷപൂർവം തറയിലേക്ക് വലിച്ചെറിഞ്ഞാണ് അവിടെ ഉള്ളവർ പുതുവർഷത്തെ വരവേൽക്കുന്നത്.

ലൈറ്റുകൾ ഓഫ് ചെയുന്നു – ബൾഗേറിയ

ബൾഗേറിയയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് തീൻ മേശക്ക് ചുറ്റുമിരുന്ന് മൂന്ന് മിനിറ്റ് നേരത്തേക്ക് വെളിച്ചമെല്ലാം അണക്കും. അതിഥികൾ എല്ലാം ഇരുട്ടിലാകുന്ന ഈ ന്യൂ ഇയർ സമയത്തെ ചുംബനങ്ങളുടെ മിനിറ്റ് എന്നാണ് ബൾഗേറിയൻ ജനത വിളിക്കുന്നത്.

സമ്മാനങ്ങളുമായി വരുന്ന സാന്താ – ജർമ്മനി

കുട്ടികൾക്കുള്ള സമ്മാന പൊതിയുമായി വരുന്ന സാന്താ ക്ലോസിനെ ജർമനിക്കാർ പരമ്പരാഗതമായി വിശ്വസിച്ചു വരുന്നുണ്ട്. രാത്രിയിൽ വരുന്ന സാന്തയ്ക്ക് സമ്മാന പൊതി നിക്ഷേപിക്കാൻ കുട്ടികൾ മേശപ്പുറത്തു ഒരു പ്ലേറ്റ് കരുതി വക്കും. മാത്രമല്ല സാന്തായുടെ കഴുതയ്ക്ക് കഴിക്കാനായുള്ള ആഹാരവും അവർ രാത്രികളിൽ കരുതിവെയ്ക്കും.

ഉറക്കെ ശബ്ദമുണ്ടാക്കുന്നു – ഹംഗറി

ഹംഗറിയിൽ പുതുവത്സര ദിനത്തിൽ വിസിൽ കൊണ്ടോ കൊമ്പ് ഉപയോഗിച്ചോ വലിയ ശബ്ദമുണ്ടാക്കിയാണ് പുതിയ വർഷത്തെ വരവേൽക്കുന്നത്. വീടുകളിൽ നിന്ന് ദുഷ്ട് ആത്മാക്കൾ ഈ ശബ്ദം കേട്ട് ഒഴിഞ്ഞു പോകുമെന്ന് അവർ വിശ്വസിക്കുന്നു. മാത്രമല്ല അന്ന് കഴിക്കുന്ന ഭക്ഷണത്തിൽ മാന്ത്രിക ശക്തിയുണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. ആപ്പിൾ കഴിക്കുന്നത് സ്നേഹവും സൗന്ദര്യവും വർധിപ്പിക്കുമെന്നും ബീൻസും കടലയും ആത്മാവിനും ശരീരത്തിനും കരുത്ത് നൽകുമെന്നും പരിപ്പ് ദോഷമകറ്റുമെന്നും അവർ കരുതുന്നു. വെളുത്തുള്ളി കഴിക്കുന്നത് അസുഖങ്ങൾ മാറാനും തേൻ കഴിക്കുന്നത് ജീവിതം മധുരം നിറയ്ക്കുമെന്നാണ് ഹംഗറിയക്കാരുടെ വിശ്വാസം.

പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നു – ഡെന്മാർക്ക്

സാധാരണയായി പാത്രങ്ങൾ പൊട്ടിക്കുന്നത് അത്ര നല്ല കാര്യമായി പൊതുവെ കാണാറില്ലെങ്കിലും ഡെന്മാർക്കിൽ അവർക്കതൊരു ശുഭ സൂചനയാണ്. പുതുവത്സര ദിനത്തിൽ അവർ സ്വന്തം വീട്ടിലും സുഹൃത്തുക്കളുടെ വീട്ടുപടിക്കലും പാത്രങ്ങൾ പൊട്ടിച്ചിടുന്നത് പതിവാണ്. പാത്രങ്ങളുടെ പൊട്ടി വീഴുന്ന കഷ്ണങ്ങളുടെ വലിപ്പമനുസരിച്ച് ഭാഗ്യമുണ്ടാകുമെന്നാണ് അവർ കരുതുന്നത്.

12 മുന്തിരിങ്ങ കഴിക്കുന്നു – സ്‌പെയിൻ

ഡിസംബർ 31 അർധരാത്രിക്ക് 12 മണിക്ക് തൊട്ടു മുൻപുള്ള 12 സെക്കന്റിനുഉളിൽ 12 മുന്തിരിങ്ങ കഴിക്കുന്നതാണ് സ്പാനിഷ് ജനതയുടെ ആചാരം. 12 എന്ന സംഖ്യ 12 മാസങ്ങളെ പ്രതിനിധികരിക്കുന്നു.12 സെക്കന്റിനുളിൽ 12 മുന്തിരിങ്ങ കഴിക്കാൻ സാധിച്ചാൽ വരുന്ന വർഷം തങ്ങൾക്ക് ഏറെ മികച്ചതായിരിക്കുമെന്നാണ് അവരുടെ വിശ്വാസം.

പ്രതിമകളെ കത്തിക്കൽ – ഇക്വഡോർ

പോയ വർഷത്തെ പ്രതിമകളെ കത്തിച്ചാണ് ഇക്വഡോറിലെ ആളുകൾ പുതുവർഷത്തെ വരവേൽക്കുന്നത്. രാഷ്ട്രീയക്കാർ, സിനിമയിലെ കഥാപാത്രങ്ങൾ തുടങ്ങിയവരെ പ്രതിനിധികരിക്കുന്ന പ്രതിമകൾ ആണ് പുതുവത്സര ദിവസം കത്തിക്കുന്നത്.

നിറമുള്ള അടിവസ്ത്രം – തെക്കേ അമേരിക്ക

പുതുവത്സര ദിനത്തിൽ ധരിക്കുന്ന അടിവസ്ത്രങ്ങളുടെ നിറങ്ങൾക്ക് വലിയ പ്രാധാന്യമാണ് അവർ കൊടുക്കുന്നത്. സ്നേഹം സഫലമാകാൻ ആഗ്രഹിക്കുന്നവർ ചുവന്ന അടിവസ്ത്രമാണ് അന്നേ ദിവസം ധരിക്കുക. പെറു, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ മഞ്ഞ അടിവസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നവർ ധരിക്കേണ്ടത് പച്ച നിറമുള്ള അടിവസ്ത്രമാണെന്നും അവർ വിശ്വസിക്കുന്നു.

ആപ്പിൾ മുറിക്കുന്നു – ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ളിക്കിൽ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തുന്നത് ആപ്പിൾ രണ്ടായി മുറിച്ചാണ്. ആപ്പിളിന്റെ നേർ പകുതിയിൽ വിത്തിന്റെ ഭാഗം കുരിശ് ആകൃതിയിലാണെങ്കിൽ വരാൻ ഇരിക്കുന്നത് മോശം കാലം ആണെന്നും, നക്ഷത്ര ആകൃതിയിലാണെങ്കിൽ നല്ല കാലമായിരിക്കുമെന്നും അവർ വിശ്വസിക്കുന്നു.

ഫർണിച്ചറുകൾ എറിഞ്ഞുകളയുന്നു – ദക്ഷിണാഫ്രിക്ക

പുതുവർഷത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ ഉള്ളവരുടെ ആചാരമാണ് ഫർണിച്ചറുകൾ പുറത്തേക്ക് വലിച്ചെറിയുന്നത്.

പഴയ വസ്തുക്കൾ എറിഞ്ഞു കളയുന്നു – ഇറ്റലി

പേര് പോലെ തന്നെ പുതുവർഷം പുതുതായി ആഘോഷിക്കണം എന്ന കാഴ്ചപ്പാടിലാണ് ഇറ്റലിക്കാർ പഴയ വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിയുന്നത്. വീട്ടിൽ ഉപയോഗിക്കുന്ന പഴകിയ കസേരകൾ, ഇരുമ്പ് വസ്തുക്കൾ, തുടങ്ങിയവയാണ് ജനാലയിലൂടെ പുറത്തേക്ക് എറിയുന്നത്.

Read Also : < CONVERT TO REUSABLE BLOCKS >

ബന്ധു വീട് സന്ദർശനം – സ്കോട്ട്ലൻഡ്


പുതുവത്സര ദിനത്തിൽ ബന്ധു വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഒത്തുകൂടിയാണ് സ്കോട്ട്ലൻഡുകാർ പുതുവർഷത്തെ വരവേൽക്കുന്നത്. അർധരാത്രിക്ക് ശേഷം അടുപ്പക്കാരുടെ വീട്ടിൽ സന്ദർശനം നടത്തി സമ്മാനങ്ങൾ പരസ്പരം കൈമാറുന്നു. കൂടാതെ ടാർ വീപ്പകൾക്ക് തീയിട്ട് തെരുവിലൂടെ ഉരുട്ടികൊണ്ട് പോകുന്ന രീതിയും ഇവർ പിന്തുടരുന്നുണ്ട്.

ബുദ്ധനെ കുളിപ്പിക്കൽ – ചൈന

ചൈനയിൽ പുതുവത്സര ദിനം ബുദ്ധ പ്രതിമയെ കുളിപ്പിക്കുന്ന പാരമ്പര്യമുണ്ട്. അന്നേദിവസം ക്ഷേത്രങ്ങളിലെയും മറ്റും ബുദ്ധ പ്രതിമകളെ പർവ്വതങ്ങളിൽ നിന്നും വരുന്ന ഉറവകളിലെ ജലം കൊണ്ട് കുളിപ്പിക്കുകയും ന്യൂ ഇയർ ആശംസകൾ നേരുന്നവർക്ക് മുകളിൽ ഈ വെള്ളം തളിക്കുകയും ചെയ്യുന്നു.

108 മണി മുഴക്കുന്നു – ജപ്പാൻ

ജപ്പാനിൽ പുതുവർഷത്തിന്റെ വരവ് 108 മണികളടിച്ചാണ് ആഘോഷിക്കുന്നത്. ഓരോ മണി മുഴക്കവും മനുഷ്യന്റെ ഓരോ ദുഷ്പ്രവർത്തിയെ സൂചിപ്പിക്കുന്നു. മണികൾ മുഴക്കുന്നതിലൂടെ ഓരോ ദുഷ്പ്രവർത്തനങ്ങളും ഇല്ലാതാവുന്നു എന്നാണ് ജപ്പാൻകാരുടെ വിശ്വാസം. മാത്രമല്ല, ജപ്പാനിലെ കുട്ടികൾ അന്നേ ദിവസം പുതിയ വസ്ത്രങ്ങൾ ധരിച്ചു പുതുവർഷം ആഘോഷിക്കുന്നു.

Story Highlights : Unique new year celebrations around the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top