Advertisement

‘പ്രേതത്തിന്റെ ലക്ഷണമുണ്ട്, സിനിമയിൽ അഭിനയിക്കുന്നോ’ എന്ന് ജയസൂര്യ ചോദിച്ചു: ശ്രുതി രാമചന്ദ്രൻ

January 1, 2022
4 minutes Read
Shruti Ramachandran special interview

ബഹളങ്ങളൊന്നുമില്ലാതെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ശ്രുതി രാമചന്ദ്രൻ. രഞ്ജിത്തിൻ്റെ ഞാൻ എന്ന സിനിമയിലൂടെ ആദ്യമായി സിനിമയിലെത്തിയ ശ്രുതി പിന്നീട് പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇതിനിടെ ‘ഡിയർ കോമ്രേഡ്’ എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തുമൊക്കെയായ ശ്രുതി വിശേഷങ്ങൾ പങ്കുവെക്കുന്നു. (Shruti Ramachandran special interview)

മധുരം

ചെറിയ ഒരു സിനിമ ആയാണ് മധുരം കൺസീവ് ചെയ്തിരിക്കുന്നത്. ഫൈനൽ റിസൽട്ടും അങ്ങനെയാണെന്ന് തോന്നുന്നു. ഹോസ്പിറ്റൽ ബൈ സ്റ്റാൻഡേഴ്സിൻ്റെ കഥയാണ്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ കഥകളുണ്ടാവും. അവരെങ്ങനെയാണ് പരസ്പരം താങ്ങാവുക എന്നതൊക്കെയാണ് മധുരം. ചെറിയ ചെറിയ കഥകളുണ്ട്. നാല് ലവ് ട്രാക്കുകളും ഉണ്ട്. വിവിധ തരത്തിലുള്ള പ്രണയങ്ങൾ. അഹ്മദ് എന്ന ഡയറക്ടർ ആക്ടേഴ്സിന് നൽകുന്ന ഒരു സ്പേസുണ്ട്. അതെനിക്ക് വളരെ പ്രധാനമാണ്. സെറ്റിൽ അഹ്മദ് ക്രിയേറ്റ് ചെയ്യുന്ന അറ്റ്മോസ്ഫിയറും പ്രധാനമാണ്. ഈ ടീം ജൂണിൻ്റെ അതേ ടീമായിരുന്നു. അപ്പോ അവരെല്ലാവരും സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾ തമ്മിൽ ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അത് എല്ലാവരുടേതുമാവുന്നു. അതുകൊണ്ട് എല്ലാവർക്കും മധുരം സിനിമയും സെറ്റും പ്രിയപ്പെട്ടതായി. എല്ലാവരും 100 ശതമാനം ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു. പ്രൊജക്ട് എങ്ങനെയാവണമെന്ന് അഹ്മദിന് ഐഡിയ ഉണ്ടായിരുന്നു. പക്ഷേ, നമുക്ക് വേണ്ട സ്വാതന്ത്ര്യം തന്നു. നമുക്ക് എന്തെങ്കിലും അഭിപ്രായങ്ങളൊക്കെ ഉണ്ടെങ്കിൽ അത് പറഞ്ഞാൽ, അത് സിനിമയ്ക്ക് നല്ലതാണെങ്കിൽ ഈഗോ ഒന്നുമില്ലാതെ ഉപയോഗിക്കാറുണ്ടായിരുന്നു. ജോജു ചേട്ടനാണെങ്കിലും സഹതാരമെന്ന നിലയിൽ ഒരു കംഫർട്ട് ലെവലിൽ എത്തുന്നത് പ്രധാനമാണ്. അത് ഞങ്ങൾക്ക് സാധിച്ചു. ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷേ, ഞങ്ങൾക്ക് ആ കെമിസ്ട്രി കൊണ്ടുവരാൻ കഴിഞ്ഞു.

അഭിനയത്തിനു മുൻപ്

അഭിനയത്തിനു മുൻപ് ആർക്കിടെക്ട് ആയിരുന്നു. പ്രൊഫസർ ആയിരുന്നു. ആ ലൈഫും സൂപ്പറായിരുന്നു. മാസ്റ്റേഴ്സ് ചെയ്യുന്നതിനു മുൻപായിരുന്നു എൻ്റെ ആദ്യത്തെ സിനിമ, ‘ഞാൻ’ ചെയ്യുന്നത്. അത് പക്ഷേ, എനിക്ക് സിനിമയോട് സ്നേഹമില്ലാത്ത സമയത്ത് ചെയ്ത സിനിമ ആയിരുന്നു. സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എൻ്റെ പൊട്ടത്തരം കാരണം ഒരു സെറ്റിൽ നാല് പേരേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്. എൻ്റെ അപ്പൂപ്പൻ സിനിമയിലായിരുന്നു. പബ്ലിസിറ്റി ആർട്ടിസ്റ്റായിരുന്നു. ഞാൻ ജനിച്ചതിനു ശേഷം അപ്പൂപ്പൻ സിനിമയിലുണ്ടായിരുന്നില്ല. അമ്മയെയും ചെറിയമ്മയെയുമൊക്കെ സിനിമയിൽ വളരെ ദൂരെയാണ് അപ്പൂപ്പൻ നിർത്തിയത്. അപ്പോ ആർക്കും സിനിമയെപ്പറ്റി ഒന്നും അറിയില്ല. സെറ്റിൽ ചെന്നപ്പോൾ ഞങ്ങൾ വിചാരിച്ചു, ഇതൊക്കെ എന്താ സംഭവം. ‘ഞാൻ’ എനിക്ക് ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞില്ല. അതിനെ അതിൻ്റേതായ ഗ്രാറ്റിറ്റ്യൂഡോടെ ഞാൻ കണ്ടില്ല. മനസ്സിൽ പഠിക്കണം എന്നൊക്കെ തന്നെയായിരുന്നു. അത് മോശമായിരുന്നു. നല്ല കാര്യമായിരുന്നില്ല. ഞാൻ അതിനെ ഗ്ലോറിഫൈ ചെയ്യുകയല്ല. ഒരുപാട് പേർക്ക് ലഭിക്കുന്ന അവസരമല്ല. അതിനെ ആ സമയത്ത് ഗൗരവമായി കാണാമായിരുന്നു. ഇപ്പോ അത്ര ഗൗരവത്തോടെയാണ് കാണാറ്.

ബഹളങ്ങളൊന്നുമില്ലാതെ കടന്നുവന്നു

സിനിമയെ പതുക്കെപ്പതുക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ എൻ്റെ വളർച്ചയും പതിയെയാണ്. ഇഷ്ടം കൂടിയതുകൊണ്ടുള്ള പോസിറ്റീവ്‌സാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇങ്ങനെ പതിയെ വരുന്നതാണ് എനിക്കും ഇഷ്ടം. എൻ്റെ ജീവിതത്തിലും എല്ലാം അങ്ങനെയായിരുന്നു. പഠിച്ചുവരാൻ ഒരു സമയം വേണമല്ലോ. ഇനിയും നല്ല പ്രൊജക്ടുകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഡബിംഗ് ആർട്ടിസ്റ്റ്

മൂന്ന് സിനിമകളാണ് ചെയ്തത്. കമല, സണ്ണി എന്നീ സിനിമകളും പിന്നെ റിലീസാവാനുള്ള ഒരു സിനിമയും. സത്യത്തിൽ ഡബിംഗും മെല്ലെ തുടങ്ങുന്നതേയുള്ളൂ. എൻ്റെ ആദ്യ സിനിമയിൽ ഞാനല്ല ഡബ് ചെയ്തത്. അന്ന് എൻ്റെ ശൈലി വളരെ മോശമായിരുന്നു. ഇപ്പോ ഭേദമായി വരുന്നു. ഞാൻ ചെന്നൈയിലായിരുന്നു. അച്ഛനും അമ്മയുമൊക്കെ ചെന്നൈയിൽ ആയിരുന്നു. അങ്ങനെ എൻ്റെ മലയാളത്തിന് ഒരു ചെന്നൈ ടച്ച് ഉണ്ടായിരുന്നു. ‘ഞാൻ ‘സിനിമയിൽ ചില കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ ഉണ്ടായിരുന്നു. വലിയ ഒരു കവിതയൊക്കെ ചൊല്ലേണ്ട കാര്യമുണ്ടായിരുന്നു. അത് ഇപ്പോ ഞാൻ ചൊല്ലും. അന്ന് പക്ഷേ, പേടിച്ചുവിറച്ചാണ് അത് പഠിച്ചത്. പ്രേതം സമയത്ത് ഞാൻ ഡബ് ചെയ്തുകൊണ്ടിരുന്നപ്പോൾ രഞ്ജിത്തേട്ടനും ജയേട്ടനും കൂടി ‘എന്തെങ്കിലും നടക്കുമോ’, ‘ഡബ് ചെയ്യാൻ പറ്റുമോ’ എന്നൊക്കെ ചോദിച്ചു. എന്നിട്ടാണ് കമല ഡബ് ചെയ്യാനായി എന്നെ വിളിക്കുന്നത്. അപ്പോൾ, ‘നിങ്ങൾ എന്തിനാണ് എന്നെ വിളിക്കുന്നത്? എന്തെങ്കിലും നടക്കുമോ’ എന്ന് ഞാൻ ചോദിച്ചു. ‘കമലയ്ക്ക് നാല് ഭാഷകൾ പറയാനുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി. അപ്പോ ഞാനൊന്ന് പരീക്ഷിക്കുകയാണ്. തന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല’ എന്നൊക്കെ രഞ്ജിത്തേട്ടൻ പറഞ്ഞു. ഡബിം എന്ന പ്രോസസ് എനിക്ക് വലിയ ഇഷ്ടമാണ്.

തിരക്കഥയെഴുത്ത്

എൻ്റെ ഹസ്ബൻഡ് ഫ്രാൻസിസ് എഴുത്തുകാരനാണ്. ഫ്രാൻസിസ് അഡ്വർടൈസിങിൽ കോപ്പി റൈറ്ററാണ്. ‘വെരി നോർമൽ ഫാമിലി’ എന്നൊരു നാടകം ഫ്രാൻസിസ് എഴുതിയിരുന്നു. എന്നിട്ട് മലയാളത്തിൽ അന്വേഷണം എന്ന സിനിമയ്ക്കായി എഴുതി. ഫ്രാൻസിസ് ഇംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് മാറ്റുകയായിരുന്നു പതിവ്. ‘വെരി നോർമൽ ഫാമിലി’ കഴിഞ്ഞ സമയത്ത് സുധ കൊങ്ങര ഫ്രാൻസിസിനെ സമീപിച്ചു. തമിഴ് ഫീച്ചർ എഴുതാനായിരുന്നു. അത് കൊവിഡ് സമയത്തായിരുന്നു. പക്ഷേ, അത് അന്ന് നടന്നില്ല. പക്ഷേ, ഇപ്പോൾ നടക്കുന്നു. പിന്നീടാണ് ആമസോൺ ഒരു ആന്തോളജിക്കായി സുധയെ സമീപിക്കുന്നത്. ‘ഹോപ്പ്’ എന്നതാണ് തീം. അത് വച്ച് എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെ അതിലേക്ക് തിരിഞ്ഞു. കൊവിഡ് ആയതുകാരണം വീട്ടിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരു രാത്രി കൊണ്ട് ഡെവലപ്പ് ചെയ്ത വൺ ലൈനായിരുന്നു കഥ. സുധയോട് പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെട്ടു. ഒരാഴ്ച കൊണ്ട് അത് എഴുതി. ‘പുത്തൻ പുതു കാലൈ’യിൽ ‘ഇളമൈ ഇദോ ഇദോ’ എന്നാണ് നമ്മലുടെ ഷോർട്ട് ഫിലിമിൻ്റെ പേര്. അതിൽ കുറേ കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് എടുത്തിട്ടുണ്ട്. അത് വളരെ എളുപ്പമായിരുന്നു. ജീവിതമായതുകൊണ്ട് അത് ഏറെ ആഗ്രഹിച്ചാണ് ചെയ്തത്. ഇപ്പോൾ രണ്ട് സ്ക്രിപ്റ്റ് ഒരുമിച്ച് എഴുതുകയാണ്. ഒരെണ്ണം തമിഴിലും മറ്റൊന്ന് തെലുങ്കിലും. മലയാളത്തിൽ ഫ്രാൻസിസ് എഴുതുന്നുണ്ട്. ചില വിഭാഗങ്ങൾ മാത്രമേ ഞാൻ എടുക്കൂ. ആക്ഷൻ എനിക്ക് എഴുതാനാവില്ല. കാണാൻ ഇഷ്ടമാണ്.

സിനിമയിലേക്കുള്ള എൻട്രി

ജയേട്ടനാണ് എനിക്ക് സിനിമയോടുള്ള സ്നേഹം ക്രിയേറ്റ് ചെയ്തത്. എന്നെ എവിടേയോ വച്ച് കണ്ടിട്ട് ‘സിനിമയിൽ അഭിനയിക്കാമോ, പ്രേതത്തിൻ്റെ ലക്ഷണമുണ്ട്’ എന്ന് ജയേട്ടൻ പറഞ്ഞു. എനിക്ക് തീരെ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ആദ്യത്തെ എക്സ്പീരിയൻസിനു ശേഷം എനിക്ക് സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല. ജയേട്ടൻ വീണ്ടും നിർബന്ധിച്ചു. രഞ്ജിത്തിനെ ഒന്ന് കണ്ട് കണക്ടായാൽ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്തായാലും കണക്ടാവില്ല. നമ്മൾ രണ്ട് പേരുടെയും സമയം എന്തിന് കളയുന്നു എന്നായിരുന്നു എൻ്റെ ചോദ്യം. എന്തായാലും ഒന്ന് കാണൂ എന്ന് ജയേട്ടൻ നിർബന്ധിച്ചു. അങ്ങനെ രഞ്ജിത്തേട്ടനുമായി മീറ്റ് ചെയ്തു. സ്ക്രിപ്റ്റ് കേട്ടപ്പോൾ കുഴപ്പമില്ലെന്ന് തോന്നി. ഷൂട്ടിംഗിനിടെ എല്ലാ ദിവസവും ഒരു ക്ലാസ് പോലെയായിരുന്നു. കാര്യങ്ങളൊക്കെ ജയേട്ടൻ വിശദീകരിച്ച് തരുമായിരുന്നു. അത് എനിക്ക് വലിയ സഹായമായി. അതുകൊണ്ട് തന്നെ പ്രേതം എന്ന സെറ്റ് എനിക്ക് വലിയ ഊർജമായി. എനിക്ക് മുംബൈയിൽ ഒരു ജോലി ഉണ്ടായിരുന്നു. അപ്പോൾ ഫ്രാൻസിസ് കൊച്ചിയിലേക്ക് മാറുകയാണെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് അതിനു കഴിഞ്ഞില്ല. സിനിമയിൽ എന്ത് ഉറപ്പുണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഒരു വർഷമെന്ന് പറഞ്ഞാണ് കൊച്ചിയിലെത്തിയത്. വർക്കൗട്ടായില്ലെങ്കിൽ മാറാമെന്ന് ഫ്രാൻസിസ് പറഞ്ഞു. ഇപ്പോൾ അഞ്ച് കൊല്ലമായി ഇവിടെത്തന്നെയുണ്ട്.

ആഘോഷങ്ങൾ

എനിക്ക് ഫെസ്റ്റിവൽസ് വലിയ ഇഷ്ടമാണ്. ഫ്രാൻസിസ് പറയുന്നത്, ഞാൻ കല്യാണം കഴിച്ചത് തന്നെ ക്രിസ്മസ് ആഘോഷിക്കാൻ വേണ്ടിയാണെന്നാണ്. എനിക്ക് ക്രിസ്മസ് വലിയ ഇഷ്ടമാണ്. നവംബർ 17നാണ് ഞങ്ങളുടെ വിവാഹവാർഷികം. നവംബർ 18ന് ക്രിസ്മസ് അലങ്കാരങ്ങളൊക്കെ പൂർത്തിയാക്കും. ഓണമാണെങ്കിലും ക്രിസ്മസ് ആണെങ്കിലുമൊക്കെ നന്നായി ആഘോഷിക്കും.

വരുന്ന സിനിമകൾ

‘എന്താടാ സജി’ എന്ന സിനിമ ജനുവരിയിൽ തുടങ്ങും. അതിൽ കുഞ്ചാക്കോ ബോബനും ജയേട്ടനുമാണ് ഉള്ളത്.

ബാസിത്ത് ബിൻ ബുഷ്റ/ശ്രുതി രാമചന്ദ്രൻ

Story Highlights : Shruti Ramachandran special interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top