പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് ബാറ്റർ; വിളിച്ച ഔട്ട് തിരുത്തി അമ്പയർ: വിഡിയോ വൈറൽ

പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന ബാറ്ററുടെ നിലപാടിൽ വിളിച്ച ഔട്ട് തിരുത്തി അമ്പയർ. ബിഗ് ബാഷ് മത്സരത്തിനിടെയാണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മെൽബൺ സ്റ്റാഴ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഇന്ന് നടന്ന മത്സരത്തിനിടെയാണ് സംഭവം. പെർത്ത് ഇന്നിംഗ്സിൻ്റെ 14ആം ഓവർ. യുവ ഓസീസ് പേസർ സാവിയർ ക്രോൺ പന്തെറിയുന്നു. ക്രോണിനെ പുൾ ചെയ്യാൻ ശ്രമിച്ച ആഷ്ടൻ ടേണറിനു പിഴച്ചു. പന്ത് വിക്കറ്റ് കീപ്പർ ജോ ക്ലാർക്ക് പിടിക്കുന്നു. ഒറ്റനോട്ടത്തിൽ പന്ത് ബാറ്റിൽ കൊണ്ടെന്ന് എല്ലാവരും കരുതി. ചെറിയ ശബ്ദവും കേട്ടു. അപ്പീലുകൾ ശരിവച്ചുകൊണ്ട് അമ്പയർ ചൂണ്ടുവിരലുയർത്തി. ഉടൻ ടേണർ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്നും ഹെൽമറ്റിലാണ് കൊണ്ടതെന്നും തൻ്റെ ഹെൽമറ്റിൽ തൊട്ട് അമ്പയറോട് ആംഗ്യം കാണിച്ചു. അടുത്ത നിമിഷം തന്നെ അമ്പയർ തീരുമാനം പിൻവലിച്ചു. ഇതൊക്കെ സെക്കൻഡുകൾ കൊണ്ടാണ് നടന്നത്.
മത്സരത്തിൽ പെർത്ത് സ്കോർച്ചേഴ്സ് 50 റൺസിനു വിജയിച്ചിരുന്നു. കർട്ടിസ് പീറ്റേഴ്സൺ (54), കോളീൻ മൺറോ (40) എന്നിവരുടെ ബാറ്റിംഗ് മികവിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 180 റൺസാണ് പെർത്ത് നേടിയത്. ആഷ്ടൻ ടേണർ 27 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ജോ ക്ലാർക്കും (52) ടോം റോജേഴ്സും (32) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മെൽബൺ 18.5 ഓവറിൽ 130 റൺസിന് ഓൾഔട്ടായി. പെർത്തിനായി തൈമൽ മിൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights : bbl strange wicket video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here