തകർപ്പൻ ബൗളിംഗുമായി ദക്ഷിണാഫ്രിക്ക; ഇന്ത്യ 202ന് ഓൾഔട്ട്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 202 റൺസിന് ഓൾഔട്ട്. താത്കാലിക ക്യാപ്റ്റൻ ലോകേഷ് രാഹുൽ (50) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അശ്വിൻ 46 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജെൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാഡയും ഡുവാൻ ഒലിവിയറും 3 വിക്കറ്റ് വീഴ്ത്തി. (india allout south africa)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ രാഹുലും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 36 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അഗർവാളിനെ (26) പുറത്താക്കിയ മാർക്കോ ജെൻസൺ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്‌ത്രൂ മനൽകി. 24ആം ഓവറിലെ തുടർച്ചയായ രണ്ട് പന്തുകളിൽ പൂജാരയെയും (3), രഹാനെയെയും (0) മടക്കി അയച്ച ഒലിവിയർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
ഹനുമ വിഹാരി (20), ഋഷഭ് പന്ത് (17) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ 200ൽ താഴെ ഓൾഔട്ടായേക്കും എന്ന് തോന്നിയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ആർ അശ്വിനാണ് (46) വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ശർദ്ദുൽ താക്കൂർ (0), മുഹമ്മദ് ഷമി (9) എന്നിവരും പെട്ടെന്ന് പുറത്തായെങ്കിലും 14 റൺസെടുത്ത് പുറത്താവാതെ നിന്ന് ജസ്പ്രീത് ബുംറ ഇന്ത്യയെ 200 കടത്തി. സിറാജ് (1) ആണ് ഇന്ത്യയുടെ അവസാന വിക്കറ്റ്.
Read Also : 3 വിക്കറ്റ് നഷ്ടം; ജൊഹന്നാസ്ബർഗിൽ ഇന്ത്യക്ക് മോശം തുടക്കം
ആദ്യ ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 113 റൺസിനു തകർത്തിരുന്നു. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. സ്‌കോർ: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകർത്തത്. അശ്വിൻ രണ്ടു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 77 റൺസെടുത്ത ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകൾ മാത്രം നേരിട്ട വിയാൻ മൾഡറെ (1) ഷമിയും പുറത്താക്കി.
Story Highlights : india allout 202 south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here