Advertisement

പഞ്ചാബ് ആര്‍ക്കുവിധിയെഴുതും? തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം

January 7, 2022
3 minutes Read
punjab pre poll survey

പഞ്ചകോണ മത്സരത്തിനാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ളത് പഞ്ചാബിലാണ്. ഈ അഞ്ചുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാവും പഞ്ചാബാണ്. ഒരു വര്‍ഷത്തിലധികമായി നീണ്ടുനിന്ന കര്‍ഷക പ്രതിഷേധം, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ സുരക്ഷാ വീഴ്ച, ലുധിയാന കോടതിയിലെ സ്ഫോടനം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവുമായുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭിന്നത, തുടര്‍ന്നുണ്ടായ രാജി..എല്ലാം കൊണ്ടും സംഭവ ബഹുലമായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയിലാണ് പഞ്ചാബ് വിരലില്‍ മഷി പുരട്ടാനിറങ്ങുന്നത്.( punjab pre poll survey )

പോയ വര്‍ഷങ്ങളില്‍ പഞ്ചാബ് സാക്ഷ്യം വഹിച്ച സംഭവങ്ങളില്‍ ഏറ്റവും പ്രധാനം കര്‍ഷക പ്രക്ഷോഭങ്ങളും അതിന്റെ തുടര്‍ വികാസങ്ങളുമാണ്. കര്‍ഷക സമരം അവസാനിച്ചെങ്കിലും അത് സൃഷ്ടിച്ച പ്രശ്നങ്ങള്‍ ബദല്‍ അവതരിപ്പിക്കാനില്ലാത്തവയാണ്. 22ഓളം കര്‍ഷക സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച പോലെ സംയുക്ത് സമാജ് മോര്‍ച്ച എന്ന പേരിലാകും ഇവരുടെ പ്രവര്‍ത്തനം. മുതിര്‍ന്ന കര്‍ഷക നേതാവ് ബാല്‍ബിര്‍ സിംഗ് രജേവാള്‍ ആണ് സംയുക്ത് സമാജ് മോര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നത്.

ഈ സംഘടന ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. 117 സീറ്റുകളിലും മത്സരിക്കാനാണ് ഇവരുടെ നീക്കം. പഞ്ചാബിലെ സമ്പത്തിന്റെ ഏറിയ പങ്കും കൃഷിയില്‍ നിന്നും ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമായതുകൊണ്ടുതന്നെ കര്‍ഷക സംഘടനകളുടെ രംഗപ്രവേശത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ട്.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

Read Also : ഉത്തരാഖണ്ഡിൽ ജാതി, മത സമവാക്യങ്ങൾ നിർണായകം; പ്രതികൂല ഘടകങ്ങൾക്കിടയിലും ബിജെപിക്ക് നേരിയ മുൻതൂക്കം

എബിപി സി വോട്ടര്‍ സര്‍വേ പ്രകാരം എഎപി 38% (50-56), കോണ്‍ഗ്രസ് 34% (39-45), എസ്എപി+ബിഎസ്പി സഖ്യം 20% (17-23), ബിജെപി സഖ്യം 5%(0-3) എന്നതാണ് നില.

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയായിരുന്നു വിജയം.

Story Highlights : punjab pre poll survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top