ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്; മണിപ്പുരിൻ്റെ ഭാവി പ്രവചനം അസാധ്യം

പോരാട്ടങ്ങളുടെ തീഷ്‌ണതയറിഞ്ഞ മണ്ണാണ് മണിപ്പുര്‍. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം രാഷ്ട്രീയമായും ആ വീര്യം ചോരാതെ നിലകൊണ്ടു. മാറി മാറിയുള്ള ഭരണവാഴ്ചയിൽ എവിടേയോ മണിപ്പുര്‍ നിലമറന്നു. 2022-ലെ യുദ്ധഭൂവിൽ പുതിയൊരു പോരിന് കളം ഒരുങ്ങുമ്പോൾ തന്ത്രങ്ങൾ മെനഞ്ഞ് ശക്തരെ ഇറക്കി വിജയം ഉറപ്പിക്കാനുള്ള കരുനീക്കമാണ് പാർട്ടി ക്യാമ്പുകളിൽ നടക്കുന്നത്. അറിയാം മണിപ്പൂർ രാഷ്ട്രീയത്തിലെ വളർച്ചയും വീഴ്ചയും.
കോൺഗ്രസിൻ്റെ കോട്ടയെന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മണിപ്പവറില്‍ അധികാരം പിടിക്കാനുള്ള ബിജെപി ശ്രമങ്ങൾ സംസ്ഥാന കോൺഗ്രസിൻ്റെ പതനത്തിന് തുടക്കമിട്ടു. പണക്കൊതിയന്മാരായ നേതാക്കളെയും അണികളെയും വൻ തോതിൽ ബിജെപി ചോർത്തിയെടുത്തു. അങ്ങനെ ശക്തമായ വേരോട്ടം പതിയെ ക്ഷയിച്ചു. ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാതെ വലയുന്ന അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോഴും.
ആളുണ്ടായിട്ടും ഭരിക്കാനാവാതെ മണിപ്പുര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് നോക്കുകുത്തിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷത്തിന് 3 സീറ്റ് മാത്രം മതിയായിരുന്നു കോൺഗ്രസിന്. പക്ഷേ, 21 സീറ്റ് നേടിയ ബിജെപി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കി. എൻപിപി, എൻപിഎഫ് എന്നിവർക്ക് 4 വീതം സീറ്റ് ലഭിച്ചപ്പോൾ എൽജെപിക്ക് ഒരു സീറ്റ് ലഭിച്ചു. 5 വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ എംഎൽഎമാരുടെ കാലുമാറ്റം മൂലം കോൺഗ്രസ് അംഗസംഖ്യ 15 ആയി ചുരുങ്ങി.
സുപ്രീം കോടതിയുടെ ഇടപെടലും എംഎല്‍എമാരുടെ നിയമസഭാ വിലക്കും അയോഗ്യതയുമെല്ലാം മണിപ്പുര്‍ രാഷ്ട്രീയത്തെ കലുഷിതമാക്കി. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നത്. രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള ദിവസത്തിന്റെ തലേന്നായിരുന്നു എംഎല്‍എമാരുടെ കൂട്ടരാജി. അതിനിടെ മൂന്ന് പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചത് ബിജെപിയെയും അങ്കലാപ്പിലാക്കിയിരുന്നു. ബിരോണ്‍ സിങ് സര്‍ക്കാരിന്റെ നിലനില്പിനെ അത് ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിച്ചത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ രാഷ്ട്രീയ രംഗപ്രവേശം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകൂടിയായിരുന്നു അന്നത്തേത്.
വിഭാഗീയതയുടെ ഭീഷണി ഉണ്ടെങ്കിലും ബിജെപി കൂടുതൽ കരുത്തു നേടിയിട്ടുണ്ട്. 2020 ൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 9 എംഎൽഎമാർ ഭരണകക്ഷിക്കുള്ള പിന്തുണ പിൻവലിച്ചതോടെ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഇതിനെ സമർഥമായി നേരിടാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞു. ഇത്തവണ ബിജെപിയെ ആര് നയിക്കും എന്നതിന് തീരുമാനം ആയിട്ടില്ല. ഫുട്ബോളറായിരുന ബിരേൻ സിങ്ങിനൊപ്പം ആർഎസ്എസ് പിന്തുണയുള്ള തൊങ്ഗം ബിശ്വജിത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്.
കരുതലോടെയാണ് ബിജെപിയുടെ നീക്കം. അധികാര തുടർച്ചയെന്ന മോഹം പൂവണിയാൻ കരുതൽ മാത്രം മതിയാവില്ലെന്നും ബിജെപിക്ക് അറിയാം. എതിർ ചേരിയിൽ നിന്നുള്ള ഒഴുക്കിൻ്റെ ശക്തി കൂട്ടാനുള്ള നിരന്തര പരിശ്രമത്തിലാണ് പാർട്ടി. വികസനവും സമാധാനവും എന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്. ബിജെപിക്കു വേണ്ടി നരേന്ദ്ര മോടി ഉള്‍പ്പെടെ മണിപ്പുരില്‍ സജീവമാണ്. റോഡ്, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ 4800 കോടിയുടെ പദ്ധതി നേരത്തേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ശേഷം അദ്ദേഹം നടത്തിയ പ്രസംഗം തീര്‍ത്തും വോട്ടുകളിലധിഷ്ഠിതമായിരുന്നു. ‘നിങ്ങളുടെ ഒരു വോട്ടുകൊണ്ടാണ് മണിപ്പുരില്‍ ‘സുസ്ഥിര സര്‍ക്കാര്‍’ രൂപീകരിക്കാനായത്. ആ വോട്ടിന്റെ ശക്തി മണിപ്പുരില്‍ ആര്‍ക്കും സങ്കല്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു’ – അദ്ദേഹം പറഞ്ഞു.
‘കിസാന്‍സമ്മാന്‍ നിധിയും ഗരീബ് കല്യാണ്‍ യോജനയുടെ കീഴിലെ സൗജന്യ റേഷനും പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ വീട് അനുവദിച്ചതും നിങ്ങളുടെ വോട്ടിന്റെ ശക്തികൊണ്ടാണ്. സൗജന്യ ഗ്യാസും വൈദ്യുതി കണക്ഷനുമെല്ലാം ഉറപ്പാക്കിയതും നിങ്ങളുടെ ഒരു വോട്ടാണ്. നിങ്ങളുടെ ഒരു വോട്ട് സ്വച്ഛ് ഭാരത് അഭിയാന് കീഴിലൂടെ 30,000 ശൗചാലയങ്ങളുണ്ടാക്കി. കൊറോണയെ ചെറുക്കാന്‍ 30 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കിയതും നിങ്ങളുടെ ഒരു വോട്ടിന്റെ ഫലംകൊണ്ടാണ്. കോൺഗ്രസ് ഭരണകാലത്ത് വികസനം മുരടിച്ചു. മണിപ്പുരിൽ അക്രമികൾ അഴിഞ്ഞാടി. ഇന്ന് എല്ലാം അകന്നു’ – മോദി അക്കമിട്ട് നിരത്തി.
എന്നാൽ, അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫിസറും കുടുംബവും ജവാൻമാരും തീവ്രവാദി ആക്രമണത്തിൽ കഴിഞ്ഞ വർഷവാവസാനം കൊല്ലപ്പെട്ടത് ബിജെപിയുടെ സമാധാന അവകാശവാദങ്ങളുടെ മുനയൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സൈനികാധികാര നിയമം (അഫ്‌സപ) റദ്ദാക്കണമെന്ന ആവശ്യവും സംസ്ഥാനത്ത് സജീവമാണ്. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭമാണ് ഈ ആവശ്യത്തിന്മേല്‍ തുടരുന്നത്. എന്നാൽ അധികാരമുള്ളയിടത്തേക്ക് ചായുന്നതാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം. അതിനാൽ ബിജെപി കടുത്ത ആത്മവിശ്വാസത്തിലാണ്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ദേശീയ മാധ്യമ സർവേകൾ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ് വിലയിരുത്തൽ. ബിജെപി 36 ശതമാനവും കോൺഗ്രസ് 33 ശതമാനവും വോട്ടുകൾ നേടുമെന്ന് പ്രവചിക്കുന്നു. എബിപി ന്യൂസ്-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തുന്നത് ബിജെപിക്ക് 23-27 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്, അതേസമയം കോൺഗ്രസിന് 22-26 സീറ്റുകൾ ലഭിക്കും. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികള്‍ എങ്കിലും എന്‍പിപി, എന്‍പിഎഫ് തുടങ്ങിയ കക്ഷികള്‍ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതില്‍ നിര്‍ണായകം.
Story Highlights : predicting the future is impossible
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here