യുവാക്കളെ ഓൺലൈൻ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തെ വർഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ഐഎസ്ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഓൺലൈൻ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ഐഎസ്. വാർത്ത അറിഞ്ഞിട്ടും സംസ്ഥാനം നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. മദനിയെ സംരക്ഷിച്ചത് പിണറായി വിജയനും ഉമ്മൻചാണ്ടിയുമാണ്. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്-വലത് മുന്നണികളുടെ പാരമ്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോപ്പുലർ ഫ്രണ്ടിന് മുമ്പിൽ മുട്ട് വിറയ്ക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാനം മുഴുവൻ വലിയ സംഘർഷം ഉണ്ടായി. എന്നാൽ മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകൻ എസ്ഡിപിഐക്കാരാൽ കൊല്ലപ്പെട്ടപ്പോൾ ഒരു പ്രതിഷേധവുമുണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിനെ കാണുമ്പോൾ പിണറായിക്ക് മുട്ടിടിക്കുകയാണ്. അഭിമന്യുവിന്റെ കൊലയാളികൾ ഒളിവിൽ കഴിഞ്ഞ ആലപ്പുഴയിലെ മണ്ണാഞ്ചേരിയിൽ തന്നെയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളും ഒളിവിൽ കഴിഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചതിന്റെ പ്രത്യുപകാരമാണ് സർക്കാരിനുള്ളത്. ചാവാക്കാട്ടെ ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകങ്ങളിലും പൊലീസ് യഥാർത്ഥ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : is giving online terrorism k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here