ഇത്തവണയും ഐപിഎൽ രാജ്യം വിടും?; പരിഗണനയിൽ രണ്ട് രാജ്യങ്ങളെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്. (ipl south africa srilanka)
ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഭാഗികമായും അതിനു മുൻപത്തെ സീസണിൽ പൂർണമായും യുഎഇയിൽ വച്ച് നടത്തിയെങ്കിലും യുഎഇയെ എല്ലായ്പ്പോഴും പരിഗണിക്കാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയിൽ തന്നെ നടത്തുകയാണെങ്കിൽ മുംബൈ നഗരത്തിലെ മൂന്ന് സ്റ്റേഡിയങ്ങളാവും ഐപിഎലിന് വേദിയാവുക.
Read Also : വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ
ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് കരാർ ഒപ്പിട്ടിരുന്നു. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു.
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. 40000 കോടി രൂപയെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെൻഡർ ഉടൻ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തെ സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്.
Story Highlights : ipl south africa srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here