ബിജെപിയില്‍ നിന്നും രാജിവെച്ച യുപി മുന്‍മന്ത്രിമാര്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക്; വരവേറ്റ് അഖിലേഷ് യാദവ്

യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജിപി നേതാക്കളോടുള്ള എതിര്‍പ്പ് പരസ്യമാക്കി പാര്‍ട്ടിവിട്ട ഉത്തര്‍പ്രദേശ് മുന്‍മന്ത്രിമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. യോഗി മന്ത്രിസഭയിലെ പ്രബലരായ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സൈനി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പ്രവേശിച്ചത്. ഇവരെ കൂടാതെ ബില്‍ഹൗര്‍ എംഎല്‍എയായ ഭഗ്വതി പ്രസാദ് സാഗറും ബിദുന എംഎല്‍എ വിനയ് സക്യയും ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയിലേക്കുള്ള എംഎല്‍എമാരുടെ ഒഴുക്ക് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും എട്ട് എംഎല്‍എമാരുമാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. ദളിത്, ഒബിസി വിഭാഗങ്ങളോട് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ജനപ്രതിനിധികളുടെ രാജി. രാജിവെച്ച എംഎല്‍എമാര്‍ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് മൗര്യ രാജിവെച്ചതിന് പിന്നാലെ അതിനോട് ഐക്യപ്പെട്ട് വനംവകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാനും പാര്‍ട്ടി വിടുകയായിരുന്നു. ദളിത്, പിന്നോക്ക വിഭാഗക്കാരെ പരിഗണിക്കാതെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതെന്നായിരുന്നു മൗര്യയുടെ പ്രധാന ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here