ഇന്നത്തെ പ്രധാന വാർത്തകൾ (15-01-2021)

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം ( jan 15 news round up )
സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3819 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകൾ പരിശോധിച്ചു. 26.92 ആണ് ടിപിആർ.
മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 528 രോഗികൾ
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്; ഒമിക്രോൺ 6041 പേർക്ക്
രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ടി പി ആർ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 6041 ആയി.
കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ട് സംസ്ഥാന സർക്കാർ
സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ആറ് ഭാഗങ്ങളായി 3773 പേജുകൾ അടങ്ങിയ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന്.
വ്യവസായി ഖദർ വസ്ത്രധാരിയാണ്, കൂടാതെ ദിലീപിന്റെ ഉറ്റ സുഹൃത്തും; സംവിധായകൻ ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസിൽ വളരെ സൂക്ഷമതയോടെയാണ് വിവരങ്ങൾ പൊലീസിന് കൈമാറിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് വർഷം മുൻപ് കണ്ടയാളെ തിരിച്ചറിയാൻ ഏറെ പ്രയാസപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു.
മെഹബൂബ് അബ്‌ദുള്ളയാണ് വി ഐ പി യെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പൊലീസ് വി ഐ പിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിൽ വി ഐ പിക്ക് എത്രത്തോളം പങ്കുണ്ടെന്ന് അറിയില്ലെന്നും ബാലചന്ദ്ര കുമാർ ട്വന്റി ഫോറിനോട് വ്യക്തമാക്കി. കൂടാതെ വി ഐ പിയെ കാവ്യ മാധവൻ ഇക്ക എന്ന് വിളിച്ച് സംസാരിച്ചിരുന്നായി ബാലചന്ദ്ര കുമാർ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.
‘ആ വിഐപി ഞാനല്ല, ദിലീപുമായി ബിസിനസ് ബന്ധം മാത്രം’: മെഹബൂബ് അബ്‌ദുള്ള
ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്‌ദുള്ള. മൂന്നു വർഷം മുൻപ് ഖത്തറിൽ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും . ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ കണ്ടിരുന്നു. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി; അപ്പീൽ സാധ്യത തേടി പൊലീസ്
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പൊലീസ്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയാണ് നിയമോപദേശം തേടിയത്. അപ്പീൽ നടപടി ഉടൻ തുടങ്ങുമെന്ന് കോട്ടയം എസ് പി ഡി ശിൽപ ട്വന്റി ഫോറിനോട് പറഞ്ഞു. നിയമോപദേശം ലഭിച്ചാൽ ഡി ജി പി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ് പി ഡി ശിൽപ വ്യക്തമാക്കി.
Story Highlights : jan 15 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here