ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി; അപ്പീൽ സാധ്യത തേടി പൊലീസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പൊലീസ്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയാണ് നിയമോപദേശം തേടിയത്. അപ്പീൽ നടപടി ഉടൻ തുടങ്ങുമെന്ന് കോട്ടയം എസ് പി ഡി ശിൽപ ട്വന്റി ഫോറിനോട് പറഞ്ഞു. നിയമോപദേശം ലഭിച്ചാൽ ഡി ജി പി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ് പി ഡി ശിൽപ വ്യക്തമാക്കി.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിധിപകർപ്പ് ട്വന്റിഫോറിന് ലഭിച്ചു . ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്നും, മൊഴിയിൽ വൈരുധ്യമുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം. 287 പേജുള്ള വിധിപകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
Story Highlights : Nun rape case- Police are looking into the possibility of an appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here