Advertisement

ഗോവയില്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി; തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം

January 16, 2022
Google News 2 minutes Read

ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പുറമേ തൊഴില്‍ രഹിതര്‍ക്ക് സഹായധനമായി പ്രതിമാസം 3000 രൂപയും പ്രായപൂര്‍ത്തിയായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപയും നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗോവയുടെ സമഗ്ര വികസനത്തിനായി ഒരു പതിമൂന്ന് ഇന അജണ്ടയാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നത്. ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകള്‍ ഗോവയിലും ആവിഷ്‌കരിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം നല്‍കി. ടൂറിസത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും ഗോവയെ ലോകോത്തര നിലവാരമുള്ള ടൂറിസം മേഖലയായി പരിവര്‍ത്തിപ്പിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Read Also : പഞ്ചാബില്‍ ആര്? പ്രതീക്ഷയോടെ ഛന്നിയും സിദ്ദുവും

ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ രാഹുല്‍ മംബ്രെയടക്കം ഇത്തവണ മത്സരരംഗത്തുണ്ട്.തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പത്ത് പേരാണ് പുതിയ പട്ടികയിലും ഉള്ളത്. ഗോവയിലെ സംഘടനാ ചുമതലയുള്ള അതിഷി മര്‍ലേനയാണ് പട്ടിക പുറത്തിറക്കിയത്. മുന്‍ ബിജെപി നേതാക്കളായ രാമറാവു വാഗ്, സുദേഷ് മയേകര്‍ എന്നിവരും പട്ടികയിലുണ്ട്.

Story Highlights : AAP announces 13 point agenda for Goa election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here