സർക്കാരിനെ ഡിപിആറിൽ കുരുക്കാൻ പ്രതിപക്ഷം; റിപ്പോർട്ട് പഠിക്കാൻ യു ഡി എഫ് സമിതി

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങി പ്രതിപക്ഷം. രഹസ്യ രേഖയെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പഠിക്കാൻ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എംഎഎൽഎ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയിൽ പക്ഷേ ഡിപിആർ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിലുൾപ്പെടെ ഡിപിആർ പുറത്തുവിട്ടിരിക്കുന്നത്.
ആറ് ഭാഗങ്ങളായി 3773 പേജുകൾ അടങ്ങിയ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന്. പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന മുഴുവൻ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ ഏതൊക്കെയെന്ന വിവരങ്ങളാണ് ഡിപിആറിൽ ഉള്ളത്. ആറര ലക്ഷം യാത്രക്കാരെയാണ് കെ-റെയിലിൽ പ്രതീക്ഷിക്കുന്നത്.
ആറ് ഘട്ടങ്ങളിലായാണ് ഡിപിആർ പൂർത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയിൽ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങൾ കൂടി ഡിപിആറിനൊപ്പം വച്ചിട്ടുണ്ട്. 2025-26 ൽ പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് ഡിപിആറിൽ നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ലക്ഷ്യംവച്ചുകൊണ്ട് ടൂറിസ്റ്റ് ട്രെയ്‌നും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും
Read Also : സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ട് സംസ്ഥാന സർക്കാർ
അതിനിടെ സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ പുറത്തിറക്കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു . ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് സതീശന്‍ ആക്ഷേപിച്ചു. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല സര്‍വ്വേകള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Story Highlights : silver line dpr report -UDF committee to study report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here