‘കോലിയുടെ തീരുമാനം വ്യക്തിപരം, ബിസിസിഐ മാനിക്കുന്നു’: സൗരവ് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ഗാംഗുലി പറഞ്ഞു. “വിരാടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നു..അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണ്, ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നു.. ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. മികച്ച താരം… നല്ല തീരുമാനം..” ഗാംഗുലി ട്വീറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് നായക സ്ഥാനം രാജിവച്ചത്. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, ഹെഡ് കോച്ച് രവി ശാസ്ത്രിക്കും, എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.
ട്വീറ്റ് ഇങ്ങനെ :
‘ഏഴ് വർഷത്തെ കഠിനാധ്വാനമാണ്..ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങൾ, സ്ഥിരോത്സാഹം…ഒരു ഘട്ടത്തിൽ എല്ലാം അവസാനിക്കേണ്ടിവരും…ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ റോളും. ഈ യാത്രയിൽ നിരവധി ഉയർച്ച താഴ്ച്ചകളുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെയും, വിശ്വാസത്തിന്റെയോ അപാകത ഉണ്ടായിട്ടില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം പരിശ്രമവും ഇടണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ, ആ ചെയ്യുന്നത് ശരിയാവില്ല എന്നെനിക്ക് അറിയാം. എനിക്ക് ഇക്കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. ടീമിനോട് അവിശ്വാസ്യത കാണിക്കാൻ എനിക്ക് സാധിക്കില്ല.
ഇത്ര വലിയ കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയ ബിസിസിഐയോടും, ആദ്യ ദിവസം മുതൽ ടീമിനായി വിഭാവനം ചെയ്ത എന്റെ ദർശനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരുഘട്ടത്തിലും കൈവിടാതിരുന്ന ടീമംഗങ്ങളോടും നന്ദിയുണ്ട്. നിങ്ങൾ എന്റെ ഈ യാത്രയും ഓർമകളും അത്രമേൽ സുന്ദരമാക്കുന്നു. എന്നെ വിശ്വസിച്ച്, ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ച ധോണി ഭായിക്കും നന്ദി പറയുന്നു.’
2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.
Story Highlights : sourav-ganguly-on-kholi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here