ഷാനെ വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് മർദിച്ചു; കണ്ണിൽ ആഞ്ഞ് കുത്തി; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു. ( shan underwent cruel torturing )
ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി. തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ഷാൻ കൊലപാതക കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞു . ഇതിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. 13 പേർ ഇവർക്ക് സഹായം ചെയ്തു. തട്ടിക്കൊണ്ടുപോയ ഓട്ടോയും കസ്റ്റഡിയിലെടുത്തു. കൊല്ലാൻ വേണ്ടി തന്നെയാണ് ഷാനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കണ്ടെത്തി. ഷാനെ തട്ടികൊണ്ടുപോയി മർദ്ദിച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ഷാൻ ബാബുവിനെതിരെ കഞ്ചാവ് കടത്തിന് കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് കടത്തിയതിന് വാളയാറിൽ വച്ചാണ് ഷാൻ പിടിയിലായത്. കേസിൽ മറ്റു 3 പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്. നിലവിൽ പ്രതികളെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ ചോദ്യംചെയ്തുവരികയാണ്.
Read Also : ഷാനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ; അഞ്ച് പ്രതികൾ, ഒരാൾ കൂടി കസ്റ്റഡിയിലെന്നും പൊലീസ്
ഇന്നലെ പുലർച്ചെയാണ് ഷാനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. അതിരാവിലെ ഷാൻ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Story Highlights : shan underwent cruel torturing, kottayam shan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here