മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ഹരിയാന ബിജെപി അധ്യക്ഷന്റെ ചുമതലയുള്ള അരുണ്‍ യാദവാണ് അപര്‍ണയുടെ പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിയിലെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് അപര്‍ണക്ക് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ നിന്നും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് എസ്പിയെ ഞെട്ടിച്ചുകൊണ്ട് അപര്‍ണയുടെ നീക്കം. മുലായംസിംഗിന്റെ ഇളയ മകന്‍ പ്രതിക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.
ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും അപര്‍ണ പരസ്യമായി പ്രശംസിക്കാറുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 ലക്ഷം സംഭാവന നല്‍കിയതിന് തൊട്ടുപിന്നാലെ അപര്‍ണ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് വാര്‍ത്തകളും വന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിയെ ഇവര്‍ പരസ്യമായി പിന്തുണച്ചതും വിവാദമായിരുന്നു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള കേന്ദ്ര നീക്കത്തെ അപര്‍ണ പിന്തുണച്ചതും വലിയ രീതിയില്‍ ചര്‍ച്ചയാകുകയായിരുന്നു.
Read Also : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ; ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ലഖ്നൗ കാണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച ഇവര്‍ അന്ന് ബിജെപി സ്ഥാനാര്‍ഥി റിത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുമായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയതിനുശേഷമാണ് ഒടുവില്‍ ഇപ്പോള്‍ ഔദ്യോഗികമായി അപര്‍ണ ബിജെപിയില്‍ പ്രവേശിച്ചത്.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്‌വാദി പാര്‍ട്ടി.
ബിജെപി നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും എട്ട് എംഎല്‍എമാരും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദളിത്, ഒബിസി വിഭാഗങ്ങളോട് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ജനപ്രതിനിധികളുടെ രാജി. മന്ത്രിസഭയിലെ പ്രബലരായ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സൈനി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് സമാജ്വാദി പാര്‍ട്ടിയിലേക്ക് പ്രവേശിച്ചത്. ഇവരെ കൂടാതെ ബില്‍ഹൗര്‍ എംഎല്‍എയായ ഭഗ്വതി പ്രസാദ് സാഗറും ബിദുന എംഎല്‍എ വിനയ് സക്യയും ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് മൗര്യ രാജിവെച്ചതിന് പിന്നാലെ അതിനോട് ഐക്യപ്പെട്ട് വനംവകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാനും പാര്‍ട്ടി വിടുകയായിരുന്നു. ദളിത്, പിന്നോക്ക വിഭാഗക്കാരെ പരിഗണിക്കാതെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതെന്നായിരുന്നു മൗര്യയുടെ പ്രധാന ആരോപണം.
Story Highlights : Mulayam singh daughter in law aparna yadav joined BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here