അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ അയർലൻഡ്

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. അയർലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ഇന്ത്യ ജയം തുടരാനാണ് ഇന്നിറങ്ങുക. അയർലൻഡും ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഉഗാണ്ടയായിരുന്നു അയർലൻഡിൻ്റെ എതിരാളികൾ.
ബൗളിംഗിലാണ് ഇന്ത്യൻ കരുത്ത്. ഏഷ്യാ കപ്പിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഓപ്പണർ ഹർനൂർ സിംഗ്, ക്യാപ്റ്റൻ യാഷ് ധുൽ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് എന്നീ താരങ്ങളാണ് ഇന്ത്യൻ ബാറ്റിംഗിൽ ചുക്കാൻ പിടിക്കുന്നത്. വിക്കി ഓസ്‌വാൾ, രാജ് ബവ, രാജ്‌വർധൻ ഹങ്കർഗേക്കർ എന്നിവർ ബൗളിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ 45 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 232 റൺസിനു പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക 187 റൺസിനു പുറത്തായി. യാഷ് ധുൽ (82) ആയിരുന്നു ഇന്ത്യൻ ടോപ്പ് സ്കോറർ. 5 വിക്കറ്റെടുത്ത വിക്കി ഓസ്‌വാളും 4 വിക്കറ്റെടുത്ത രാജ് ബവയും ചേർന്ന് ദക്ഷിണാഫ്രിക്കയെ തകർത്തെറിയുകയായിരുന്നു.
Story Highlights : u19 world cup india ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here