ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്: ഉപുൽ തരംഗയ്ക്ക് ഫിഫ്റ്റി; ഇന്ത്യ മഹാരാജാസിനെതിരെ ഏഷ്യ ലയൺസിന് മികച്ച സ്കോർ

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ മഹാരാജാസിനെതിരെ ഏഷ്യ ലയൺസിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. ഏഷ്യ ലയൺസിനായി 66 റൺസെടുത്ത ഉപുൽ തരംഗ ടോപ്പ് സ്കോററായി. ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് 44 റൺസ് നേടി. ഇന്ത്യ മഹാരാജാസിനായി മൻപ്രീത് ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ദിൽഷനെ (5) വേഗം നഷ്ടമായ ഏഷ്യ ലയൺസ് രണ്ടാം വിക്കറ്റിൽ കമ്രാൻ അക്മൽ-ഉപുൽ തരംഗ കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരികെവന്നു. 39 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം പവർപ്ലേയുടെ അവസാന ഓവറിൽ അക്മൽ (25) പുറത്ത്. മുഹമ്മദ് ഹഫീസ് (16), മുഹമ്മദ് യൂസുഫ് (1) എന്നിവരെ ഒരു ഓവറിൽ മടക്കിയ ഇർഫാൻ പത്താൻ ഏഷ്യ ലയൺസിനെ 4 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലെത്തിച്ചു. എന്നാൽ, അഞ്ചാം വിക്കറ്റിൽ തരംഗയ്ക്കൊപ്പം ചേർന്ന മിസ്‌ബാഹുൽ ഹഖ് അവരെ മികച്ച സ്കോറിലേക്ക് നയിച്ചു. 38 പന്തിലാണ് തരംഗ ഫിഫ്റ്റിയടിച്ചത്. വളരെ സാവധാനത്തിൽ തുടങ്ങിയ മിസ്ബാഹ് പിന്നീട് ബൗണ്ടറി ഷോട്ടുകളുമായി കളംനിറയുകയായിരുന്നു. 17ആം ഓവറിൽ തരംഗ പുറത്തായി. അവസാന ഓവറിൽ തുടരെ രണ്ട് സിക്സറുകളുമായി തുടങ്ങിയ മിസ്ബാഹും ഉമർ ഗുലും (4) ആ ഓവറിൽ തന്നെ പുറത്തായി.
Story Highlights : legends league cricket asia score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here