ദുബായ് കടപ്പുറത്ത്‘ ജൂനിയർ ദാസനും വിജയനും; നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുക്കെട്ട്. ആ കൂട്ടുകെട്ടിലെ വിജയ ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.
സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘ എത്തിയിരിക്കുകയാണ്. നാടോടിക്കാറ്റിൽ ഏറെ പ്രധാനപ്പെട്ടൊരു രംഗം ഷൂട്ട് ചെയ്തത് ബസന്ത് നഗർ ബീച്ചിലായിരുന്നു.
ഇവിടെ വച്ചെടുത്തൊരു ചിത്രമാണ് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും ഉണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്.
‘ഹൃദയം’ സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു’, എന്നാണ് ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യണമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ‘അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. അത് യാഥാർഥ്യമാക്കുകയാണ് ആഗ്രഹമെന്നും വിനീത് പറഞ്ഞിരുന്നു.
Story Highlights : vineeth-sreenivasan-share-photo-with-pranav-mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here