ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു.
‘ദിലീപ് കേസില്‍ നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്. കോടതിക്ക് തന്നെ അസ്വസ്ഥതയുണ്ടായെന്ന് പറയണമെങ്കില്‍ അതെത്ര ശക്തമായ തെളിവുകളായിരിക്കും. കേസിന്റെ ഭാഗമായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്താന്‍ കഴിയില്ല. കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവിലെ ചോദ്യം ചെയ്ത് വീട്ടിലേക്ക് വിടുന്നതും പിന്നേറ്റ് പ്രതികള്‍ വീണ്ടും ചോദ്യം ചെയ്യലിന് വരുന്നതുമൊക്കെ ഇതുപോലൊരു സെന്‍സിറ്റീവ് കേസില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.
എന്റെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. ഏത് സമയത്ത് വിളിച്ചാലും കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് നിർദ്ദേശമുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാകും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കാൻ സാധ്യത. ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളോട് നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യമാണ് അനുവദിക്കാത്തത്’. ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Read Also : നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ
ദിലീപിനെ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.
Story Highlights : dileep case questioning, balachandrakumar, actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here