Advertisement

ഡികോക്കിനു സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

January 23, 2022
Google News 2 minutes Read
south africa score india

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കക്കായി വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡികോക്ക് സെഞ്ചുറി നേടി. 124 റൺസെടുത്ത ഡികോക്ക് തന്നെയാണ് പ്രോട്ടീസ് ടോപ്പ് സ്കോറർ. റസ്സി വാൻ ഡെർ ഡസ്സൻ (52), എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി. (south africa score india)

മികച്ച തുടക്കമല്ല ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഒരു റൺ മാത്രമെടുത്ത് ജന്നമൻ മലൻ മടങ്ങുമ്പോൾ സ്കോർബോർഡിൽ വെറും 8 റൺസ്. മലനെ ദീപക് ചഹാറിൻ്റെ പന്തിൽ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ ടെംബ ബാവുമയും (8) വേഗം മടങ്ങി. ബാവുമ റണ്ണൗട്ടായി. എയ്ഡൻ മാർക്രം (15) ദീപക് ചഹാറിൻ്റെ രണ്ടാം വിക്കറ്റായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിലേക്ക് വീണു.

Read Also : കേപ്ടൗണില്‍ ടോസ് ഇന്ത്യയ്ക്ക്; ടീമില്‍ നാല് മാറ്റം; ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും

വിക്കറ്റുകൾ തുടർച്ചയായി കടപുഴകുമ്പോഴും ഒരുവശത്ത് പോസിറ്റീവായി ബാറ്റ് ചെയ്തിരുന്ന ക്വിൻ്റൺ ഡികോക്ക് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചത്. നാലാം വിക്കറ്റിൽ റസ്സി വാൻ ഡെർ ഡസ്സൻ ഡികോക്കിനൊപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരികെവന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നോട്ടൗട്ടായി നിന്ന് തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഡസ്സനും ഡികോക്കും ചേർന്ന് അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 144 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഡികോക്ക് 59 പന്തുകളിൽ ഫിഫ്റ്റിയും 108 പന്തുകളിൽ സെഞ്ചുറിയും തികച്ചു. സെഞ്ചുറിയോടെ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പർമാരിൽ ഡികോക്ക് രണ്ടാം സ്ഥാനത്തെത്തി. ഓസീസ് താരം ആദം ഗിൽക്രിസ്റ്റിനെയാണ് ഡികോക്ക് മറികടന്നത്. 23 സെഞ്ചുറികളുള്ള മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയാണ് പട്ടികയിൽ ഒന്നാമത്.

ഡസ്സൻ 55 പന്തിൽ ഫിഫ്റ്റിയടിച്ചു. 124 റൺസെടുത്ത ഡികോക്കിനെ മടക്കിയ ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗിൽക്രിസ്റ്റിന് 17 സെഞ്ചുറികളുണ്ട്. അടുത്ത ഓവറിൽ ഡസ്സനും മടങ്ങി. ഡസ്സനെ യുസ്‌വേന്ദ്ര ചഹാലിൻ്റെ പന്തിൽ ശ്രേയാസ് അയ്യർ ഉജ്ജ്വലമായി പിടികൂടി.

കേശവ് മഹാരാജിനെ (6) ബുംറ കോലിയുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത മില്ലർ (39) പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ കോലിക്ക് പിടികൊടുത്ത് മടങ്ങി. സിസാൻഡ മഗാലയെ (0) പ്രസിദ്ധ് രാഹുലിൻ്റെ കൈകളിലെത്തിച്ചു.

Story Highlights : south africa score vs india 3rd odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here