സോളാർ കേസിലെ വിവാദ പരാമർശം; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി;വി.എസ്, ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നൽകണം

സോളാർ കേസിലെ വിവാദ പരാമർശത്തിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. സോളാർ ഇടപാടുകളിൽ അഴിമതി നടത്തിയെന്ന പരാമർശത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി വന്നത്. പത്തു ലക്ഷത്തി പതിനായിരം രൂപ ഉമ്മൻ ചാണ്ടിക്ക് മാനനഷ്ടം നൽകണമെന്നാണ് വിധി. വി എസ് അച്യുതാനന്ദനെതിരെ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്.
സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
Read Also : പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Story Highlights : oommen-chandy-wins-defamation-case-against-vs-achuthanandan-in-solar-case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here