‘ആധുനിക കേരള സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച മഹാരഥന്‍’; വിഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

സിപിഐഎമ്മിന് മാത്രമല്ല കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും ഇന്നത്തെ ഘട്ടത്തില്‍ വലിയ നഷ്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിഎസിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച ചുരുക്കം മഹാരഥന്‍മാരി ഒരാളാണ് വിഎസ് എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ഇഴചേര്‍ന്നാണ് ആ ജീവിതം കാണാനാവുക. സര്‍ സിപി അമേരിക്കന്‍ മോഡല്‍ എന്ന പേരില്‍ രാജഭരണം തന്നെ നിലനിര്‍ത്തുന്നതിനുള്ള നീക്കം നടത്തിയപ്പോള്‍ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന് വിളിച്ചുകൊണ്ട് ഐതിഹാസിക സമരം നടത്തിയ പുന്നപ്ര വയലാര്‍ സമരസേനാനികള്‍. ആ പുന്നപ്ര – വയലാര്‍ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് സഖാവ് വി എസിന്റെ ജീവിതം. കേരളത്തിലെ സംഘടനാപ്രവര്‍ത്തനത്തില്‍ തൊഴിലാളി സംഘടനയായാലും കര്‍ഷക പ്രസ്ഥാനമായാലും ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു വിഎസ്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചുമതലയേറ്റെടുത്തുപോയ വിഎസ് കൃഷ്ണപിള്ളയുടെ നിര്‍ദേശം ഭംഗിയായി നിറവേറ്റി എന്ന് മാത്രമല്ല, അതുല്യമായ സംഘാടന ശേഷി അതിലൂടെ നേടിയെടുത്തു. പിന്നീടുള്ള കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സിപിഐഎമ്മിലുമെല്ലാം കണ്ട തിളക്കമാര്‍ന്ന സംഘാടന മികവ് ഈയൊരു അടിത്തറയില്‍ വിഎസിന് ലഭിച്ചതാണ് – മുഖ്യമന്ത്രി അനുസ്മരിച്ചു.
Read Also: കാലം സാക്ഷി.. ചരിത്രം സാക്ഷി..; വിഎസ് ഇനി ഓര്‍മകളിലെ ചെന്താരകം
നാടിന്റെ നല്ല നിലയിലുള്ള വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് വിഎസ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ജാതിമത ശക്തികളുടെ ഇടപെടല്‍ വര്‍ഗീയ ശക്തികള്‍ ഇടപെടുന്ന രീതി എന്നിവയ്‌ക്കെല്ലാം എതിരെ നിരന്തര പോരാട്ടം നടത്തിയ ജീവിതമാണ് വിഎസിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വര്‍ഗതാത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വിഎസ് ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാട്ടിലെ അധസ്ഥിത വിഭാഗത്തോട് വലിയ താത്പര്യവും അതിന്റെ ഭാഗമായുള്ള നടപടികളുമാണ് ഉണ്ടായിരുന്നത്. കേരളം ഒരു സംസ്ഥാനമെന്ന നിലയ്ക്ക് രൂപം കൊണ്ടതിന് ശേഷം നമ്മുടെ നാടിന്റെ വികസനത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും പ്രധാന പങ്ക് വഹിക്കുമ്പോള്‍ അതില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ആ ചുമതലയും ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാന പങ്കാണ് വിഎസ് അച്യുതാനന്ദന്‍ വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവനനല്‍കിയ നേതാക്കളില്‍ ഒരാള്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നല്ല രീതിയിലുള്ള ഇടപെടല്‍, ശത്രു വര്‍ഗത്തിന്റെ ആക്രമണത്തിന് ഒട്ടും പതറാതെയുള്ള നിലപാടുകള്‍ എല്ലാം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അങ്ങേയറ്റം കരുത്ത് പകര്‍ന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പതറാതെ ചഞ്ചലപ്പെടാതെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവ് കൂടിയായിരുന്നു വിഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മികവാര്‍ന്ന സംഘാടകന്‍ എന്നനിലയിലാണ് അദ്ദേഹം കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നത്. ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. ഇന്നത്തെ കാലം വര്‍ഗീയതയുടെ ആപത്ത് നിലനില്‍ക്കുന്ന കാലമാണ്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്കാകെ ആപത്ത് വന്നുകൊണ്ടിരിക്കുന്ന കാലം. പാര്‍ലമെന്ററി ജനാധിപത്യം തന്നെ ഈ രീതിയില്‍ തുടരുമോ എന്ന് വലിയ തോതില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണ്. അത്തരമൊരു ഘട്ടത്തിലാണ് വിഎസിന്റെ വിയോഗം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ എല്ലാം അത്തരത്തിലുള്ള ഘട്ടങ്ങളും ഇതുപോലുള്ള നേതാക്കന്‍മാരുടെ വിയോഗങ്ങളും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കുന്നതിനാണ് എക്കാലവും ശ്രദ്ധിച്ചു വരുന്നത്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അതേരീതിയില്‍ കണ്ടുകൊണ്ട് അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായി എന്നതില്‍ അതിയായ ചാരിതാര്‍ഥ്യമാണുള്ളത് – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights : Pinarayi Vijayan about V S Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here