Advertisement

പാകിസ്താനിലെ ഭീകരാക്രമണങ്ങൾ; ഓസീസ് താരങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ട്

January 26, 2022
2 minutes Read
Australian cricketers Pakistan terrorist

പാകിസ്താനിൽ സമീപകാലത്തായി നടന്ന ഭീകരാക്രമണങ്ങളിൽ ഓസീസ് ക്രിക്കറ്റ് താരങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ട്. മാർച്ചിൽ പാക് പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയയുടെ പല താരങ്ങളും ഭീതിയിലാണെന്നാണ് റിപ്പോർട്ട്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. (Australian cricketers Pakistan terrorist)

ലാഹോർ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സമീപകാലത്തായി ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. താരങ്ങളുടെ സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ, വ്യക്തിപരമായ തീരുമാനങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ മാനിച്ചേക്കും. പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കാൻ താരങ്ങൾ തീരുമാനിച്ചാൽ അതിന് ബോർഡ് അനുമതി നൽകിയേക്കുമെന്നാണ് സൂചന.

മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്.

Read Also : പാകിസ്താനിലെ ലാഹോറിൽ സ്ഫോടനം; 3 മരണം, 20 പേർക്ക് പരുക്ക്

അതേസമയം, കഴിഞ്ഞ വർഷം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പാക് പര്യടനം റദ്ദാക്കിയിരുന്നു. 18 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിവീസ് പാകിസ്താനിൽ പര്യടനത്തിനെത്തിയത്. സെപ്തംബർ 17ന് റാവൽപിണ്ടിയിലാണ് ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights : Australian cricketers concerned Pakistan terrorist attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top