Advertisement

അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; രണ്ട് മത്സരങ്ങൾ റദ്ദാക്കി

January 28, 2022
Google News 2 minutes Read
Canada COVID world cup

അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. കാനഡ ടീമിലെ 9 താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതോടെ വരാനിരിക്കുന്ന കാനഡയുടെ രണ്ട് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന 13/14 സ്ഥാനത്തിനായുള്ള പ്ലേ ഓഫും ഞായറാഴ്ച ഉഗാണ്ടക്കെതിരായ 15/16 സ്ഥാനത്തിനായുള്ള പ്ലേ ഓഫുമാണ് മാറ്റിവച്ചത്. 9 താരങ്ങൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ കാനഡയ്ക്ക് ഫീൽഡിൽ ഇറങ്ങാൻ 11 താരങ്ങളില്ല. അതിനാലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. (Canada COVID world cup)

അതേസമയം, ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ഇന്ത്യൻ അണ്ടർ 19 ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായിരുന്നു. ഐസൊലേഷനിൽ നിന്ന് പുറത്തുവന്നതോടെ നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള ടീം സെലക്ഷന് ഇവർ അർഹരായിട്ടുണ്ട്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് ധുലിൻ്റെ അഭാവത്തിൽ ടീമിനെ രണ്ട് മത്സരങ്ങളിൽ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായി. സിന്ധുവിനു പകരം ലെഫ്റ്റ് ആം സ്പിന്നർ അനീശ്വർ ഗൗതം ടീമിൽ ഇടംപിടിച്ചു.

Read Also : ക്യാപ്റ്റൻ അടക്കം ഇന്ത്യ അണ്ടർ 19 ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി

അയർലൻഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിൽ ധുൽ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്, സിദ്ധാർത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്സ്, എന്നീ താരങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ വാസു ഒഴികെയുള്ള താരങ്ങൾ കൊവിഡ് നെഗറ്റീവായി.

ജനുവരി 26 നാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ കീഴടക്കി. ഇപ്പോൾ പാകിസ്താൻ- ഓസ്ട്രേലിയ മത്സരം നടക്കുകയാണ്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഉഗാണ്ടയെ 326 റൺസെന്ന കൂറ്റൻ സ്കോറിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വെറും 79 റൺസിന് ഉഗാണ്ട കീഴടങ്ങി. ഇന്ത്യക്കായി രാജ് ബവയും അങ്ക്‌ക്രിഷ് രഘുവൻശിയും സെഞ്ചുറി നേടി. ബവ 108 പന്തിൽ 14 ബൗണ്ടറിയും 8 സിക്സറും അടക്കം 162 റൺസ് നേടിയപ്പോൾ രഘുവൻശി 120 പന്തിൽ 22 ബൗണ്ടറിയും 4 സിക്സറും സഹിതം 144 റൺസ് നേടി. ബൗളിംഗിൽ ക്യാപ്റ്റൻ നിഷാന്ത് സിന്ധു 4 വിക്കറ്റ് വീഴ്ത്തി.

Story Highlights : Canada Players Positive COVID u19 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here