‘രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും’; സ്ഥിരീകരിച്ച് ബിസിസിഐ

വരുന്ന രഞ്ജി ട്രോഫി സീസൺ രണ്ട് ഘട്ടമായി നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎലിനു മുൻപും ശേഷവുമായിട്ടാവും ടൂർണമെൻ്റ് നടത്തുക. ഫെബ്രുവരി രണ്ടാം വാരം രഞ്ജി ആരംഭിക്കും. ഐപിഎൽ ആരംഭിക്കുന്നതോടെ മത്സരങ്ങൾ മാറ്റിവച്ച് ഐപിഎലിനു ശേഷം ബാക്കി മത്സരങ്ങൾ നടത്തും. ജനുവരി 13നാണ് രഞ്ജി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു. (ranji trophy 2 stages)
ആദ്യ ഘട്ടത്തിൽ ലീഗ് മത്സരങ്ങളും രണ്ടാം ഘട്ടത്തിൽ നോക്കൗട്ട് മത്സരങ്ങളും നടക്കും. ജൂണിലാവും നോക്കൗട്ട് മത്സരങ്ങൾ നടക്കുക. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം രഞ്ജി ട്രോഫി നടന്നിരുന്നില്ല.
ഐപിഎലിൻ്റെ വരുന്ന സീസൺ മാർച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തിൽ സീസൺ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വച്ച് തന്നെ ടൂർണമെൻ്റ് നടത്താനാണ് ശ്രമം എന്നും ഫ്രാഞ്ചൈസികൾ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
Read Also : ഐപിഎൽ മാർച്ച് അവസാന വാരം ആരംഭിക്കും; ബിസിസിഐ
“ഇന്ത്യൻ പ്രീമിയർ ലീഗ് 15ാം സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മെയ് മാസത്തിൽ ടൂർണമെന്റ് അവസാനിക്കും. ഇന്ത്യയിൽ വെച്ചുതന്നെ മത്സരങ്ങൾ നടത്താൻ ടീം ഉടമകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനു വേണ്ട എല്ലാ ശ്രമങ്ങളും ബിസിസിഐ നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിൽ എത്തുന്നുണ്ട്.”- ജയ് ഷാ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ഐപിഎൽ 15ാം സീസൺ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തിൽ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്നാണ് സൂചന. മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക എന്നും കാണികളെ പ്രവേശിപ്പിക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നേക്കും.
Story Highlights : ranji trophy 2 stages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here