ഐപിഎൽ മാർച്ച് അവസാന വാരം ആരംഭിക്കും; ബിസിസിഐ

ഐപിഎലിൻ്റെ വരുന്ന സീസൺ മർച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബിസിസിഐ. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തിൽ സീസൺ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വച്ച് തന്നെ ടൂർണമെൻ്റ് നടത്താനാണ് ശ്രമം എന്നും ഫ്രാഞ്ചൈസികൾ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേർത്തു. (ipl march last week)
“ഇന്ത്യൻ പ്രീമിയർ ലീഗ് 15ാം സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മെയ് മാസത്തിൽ ടൂർണമെന്റ് അവസാനിക്കും. ഇന്ത്യയിൽ വെച്ചുതന്നെ മത്സരങ്ങൾ നടത്താൻ ടീം ഉടമകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനു വേണ്ട എല്ലാ ശ്രമങ്ങളും ബിസിസിഐ നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിൽ എത്തുന്നുണ്ട്.”- ജയ് ഷാ പറഞ്ഞു.
Read Also : ഐപിഎല്‍ 2022 ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിൽ തന്നെ ഐപിഎൽ 15ാം സീസൺ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തിൽ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്നാണ് സൂചന. മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക എന്നും കാണികളെ പ്രവേശിപ്പിക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗ അറിയിപ്പ് വന്നേക്കും.
അതിനിടെ ഐപിഎലിന്റെ മുഖ്യ സ്‌പോൺസർമാരായി കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് കരാർ ഒപ്പിട്ടിരുന്നു. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്‌പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്‌പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു.
Story Highlights : ipl starts march last week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here