ഐപിഎല്‍ 2022 ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ. കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുക. ആവശ്യമെങ്കില്‍ പൂനെയും വേദിയായി പരിഗണിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ഇന്ത്യയില്‍ തന്നെ ഐപിഎല്‍ 15ാം സീസണ്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തില്‍ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്.
അതിനിടെ ഐപിഎലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടിരുന്നു. അടുത്ത സീസണ്‍ മുതല്‍ ടാറ്റ ഗ്രൂപ്പാവും ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുക എന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. 2018-22 കാലയളവില്‍ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020 സീസണില്‍ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്‌പോണ്‍സര്‍. കഴിഞ്ഞ വര്‍ഷം വിവോ തിരികെ എത്തിയിരുന്നു. ഈ വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാന്‍ വിവോ തീരുമാനിക്കുകയായിരുന്നു.
Read Also : ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎല്‍ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തല്‍ വന്നിട്ടില്ല. ക്രിക്ക്ബസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 40000 കോടി രൂപയെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്.
Story Highlights : ipl 2022 india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here