മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി

തമിഴ്‌നാട് മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത് സംസാരിച്ച മകനെ അച്ഛനും അമ്മയും ചേര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു.
വൈഗൈ-തെങ്കാരൈ റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതത്തിന്റെ ചുരുള്‍ നിവരുന്നത്. പ്രതികള്‍ കരിമേടു പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പ്രായം ചെന്ന ദമ്പതികളില്‍ ഒരു വലിയ ചാക്ക് സൈക്കിളില്‍ വെച്ചുകൊണ്ട് വൈഗൈ-തെങ്കാരൈ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി നടന്ന തര്‍ക്കം രൂക്ഷമാകുകയും മാതാപിതാക്കള്‍ വടിയെടുത്ത് മണിമാരനെ തല്ലി ബോധം കെടുത്തുകയുമായിരുന്നു. മര്‍ദിച്ചപ്പോഴാണോ ശരീരം കത്തിച്ചപ്പോഴാണോ മണിമാരന്‍ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
Story Highlights : father and mother killed their son in madhurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here