ലോകായുക്ത: സര്‍ക്കാര്‍ വിശദീകരണം ഗവർണർക്ക് വേഗത്തില്‍ കൈമാറും

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഗവർണർക്ക് സർക്കാർ ഉടൻ വിശദീകരണം നൽകും.വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഗവർണർ ഓര്‍ഡനന്‍സ് തിരിച്ചയച്ചേക്കും. വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ നിയമോപദേശം തേടിയ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം കൂടി തേടിയതോടെ ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉടനെ ഒപ്പ് വെയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
നിലവിലെ ലോകായുക്ത നിയമം ഭരണഘടനവിരുദ്ധമാണെന്ന നിലപാട് ഗവർണർക്ക് മുന്നില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. ഗവർണർ ഇന്നലെ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാരിന്‍റെ മറുപടി വേഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവിലെ നിയമത്തിലെ ഭരണഘടന വിരുദ്ധതയില്‍ ഊന്നിയുള്ള മറുപടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കുക.
കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.ഇതിനെ സാധൂകരിക്കാന്‍ 2021 ഏപ്രില്‍ 21 അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവർണർക്ക് നല്‍കിയേക്കും.
ഭരണഘടനയിലെ 164 അനുച്ഛേദത്തിലേക്കുള്ള കടന്ന് കയറ്റമാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്ന വാദമാണ് സര്‍ക്കാര്‍ ഗവർണറെ അറിയിക്കുക. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമവും,കേന്ദ്ര ലോക്പാല്‍ നിയമവും സംസ്ഥാന ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അറിയിക്കും.
Story Highlights : lokayukta-ordinace-govt-to-meet-governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here