Advertisement

92 വര്‍ഷത്തെ ചരിത്രമായിരുന്നു അന്നത്തെ തീരുമാനത്തിലൂടെ മാറ്റിയെഴുതിയത്; അറിയാം ബജറ്റ് ചരിത്രം…

January 31, 2022
1 minute Read

കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പില്ല. എല്ലാവരും ഉറ്റുനോക്കുന്ന ആ ദിവസം നാളെയാണ്. പതിവ് തെറ്റിക്കാതെയുള്ള ബജറ്റ് അവതരണത്തിന് പിന്നിലെ ചരിത്രം എന്താണെന്നറിയാമോ? ഏറെ രസകരമായ ആ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം…

ബാഗറ്റ് എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിക്കുന്നത്. ലെഥർ ബ്രീഫ്കേസ് എന്നാണ് ആ വാക്കിന്റെ അർത്ഥം. ഈ ചെറിയ ബ്രീഫ്കേസുമായാണ് ഓരോ ബജറ്റുകാലത്തും ധനമന്ത്രിമാർ പാർലമെന്റിലേക്ക് എത്തുന്നത്. ആ ചരിത്രം തുടങ്ങി വെച്ചതാകട്ടെ ഇംഗ്ലണ്ടുകാരും.

1860-ൽ അന്നത്തെ യു.കെ ചാൻസലർ വില്യം എവാർട്ട് ഗ്ലാഡ്‌സ്റ്റോണിന് വേണ്ടിയാണ് ആദ്യത്തെ ബജറ്റ് ബോക്‌സ് രൂപകൽപ്പന ചെയ്യുന്നത്. രാജകീയ മുദ്ര സ്വർണത്തിൽ ആലേഖനം ചെയ്ത മരപ്പെട്ടിയായിരുന്നു അത്. അതിനുശേഷം, ബജറ്റ് ബോക്സുകൾ അറിയപ്പെടുന്നത് തന്നെ ഗ്ലാഡ് സ്റ്റോണിന്റെ പേരിലാണ്. ഇതേ പാരമ്പര്യമാണ് ഇന്ത്യയും പിന്തുടരുന്നത്. ധനമന്ത്രിയുടെ പ്രസംഗവും ബജറ്റിലെ നിർണായക രേഖകളുമാണ് ഈ പെട്ടിയിൽ ഉണ്ടാവുക.

1860 ഫെബ്രുവരി 18 ൽ സ്കോട്ട്ലൻഡുകാരനായ ജെയിംസ് വിൽസൺ ആണ് ബ്രിട്ടിഷ് ഇന്ത്യയിൽ ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യ ബജറ്റ് അവതരണം നടന്നത് 1947 നവംബർ 26 നാണ്. ധനമന്ത്രിയായിരുന്ന ആർ. കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ആദ്യ ബജറ്റ് പ്രകാരമുള്ള രാജ്യത്തിൻറെ മൊത്തം വരുമാനം 127 കോടി രൂപയും ചെലവ് 197.2 കോടി രൂപയും ധനകമ്മി 24.59 കോടി രൂപയുമായിരുന്നു.

ഷൺമുഖം ചെട്ടിക്ക് ശേഷം അന്നത്തെ ധനമന്ത്രിയായിരുന്ന മലയാളി കൂടിയായ ജോണ്‍ മത്തായിയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് മുഴുവന്‍ വായിക്കുന്നതിന് പകരം നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന രേഖ എംപിമാര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന രീതിയായിരുന്നു അന്ന് അദ്ദേഹം സ്വീകരിച്ചത്. ബജറ്റിലെ സുപ്രധാന ഭാഗങ്ങള്‍ മാത്രമാണ് അന്ന് ജോണ്‍ മത്തായി പാര്‍ലമെന്റില്‍ വായിച്ചത്. അദ്ദേഹം അന്ന് അവതരിപ്പിച്ച ബജറ്റിലായിരുന്നു ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കുന്നതും പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കുന്നതുമായ പ്രഖ്യാപനം വന്നതുമെല്ലാം.

ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 1970-71ലെ കേന്ദ്ര ബജറ്റായിരുന്നു ഇന്ദിരഗാന്ധി അവതരിപ്പിച്ചത്. പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത നിർമല സീതാരാമനാണ്. തുടർച്ചയായി മൂന്ന് ബജറ്റുകൾ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിത എന്ന ഖ്യാതി കൂടിയുണ്ട് നിർമലാ സീതാരാമന്. ഇന്ത്യയില്‍ തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത് രണ്ടുപേര്‍ മാത്രമാണ്. മന്‍മോഹന്‍ സിങ്ങും യശ്വന്ത് സിന്‍ഹയുമാണ് തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സ്വതന്ത്ര ഇന്ത്യയിൽ, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനമായിരുന്നു കേന്ദ്ര ബജറ്റ് അവതരണം. 2017ൽ അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനുശേഷം എല്ലാ കൊല്ലവും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. 2017 മുതൽ തന്നെയാണ് റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാനും തുടങ്ങിയത്. 92 വര്‍ഷത്തെ ചരിത്രമായിരുന്നു അന്നത്തെ തീരുമാനത്തിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ അന്ന് മാറ്റിയെഴുതിയത്.

1947ന് ശേഷം, 14 ഇടക്കാല ബജറ്റുകളും നാല് പ്രത്യേക ബജറ്റുകളും ഉൾപ്പെടെ മൊത്തം 73 വാർഷിക ബജറ്റുകളാണ് പാർലമെൻറിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ചരിത്രത്തിൽ ആദ്യമായി കടലാസ് രഹിത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. പരമ്പരാഗത ബജറ്റ് പെട്ടിയുണ്ടായിരുന്നില്ല. എന്നാൽ ചുവന്ന പട്ടിൽ തീർത്ത ഒരു പെട്ടിയാണ് പകരം ഉപയോഗിച്ചത്. ഇന്ത്യൻ നിർമിത ടാബിലായിരുന്നു ബജറ്റ് പ്രസംഗം.

Story Highlights : History of Budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top