Advertisement

‘മോദി സര്‍ക്കാര്‍ ജനവികാരത്തിനൊപ്പം’; സില്‍വര്‍ലൈന്‍ അംഗീകാരം നല്‍കാത്ത കേന്ദ്രനിലപാട് സ്വാഗതാര്‍ഹമെന്ന് സുരേന്ദ്രന്‍

February 2, 2022
1 minute Read

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്ക്കാലം അംഗീകാരം നല്‍കിയിട്ടില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആശ്വാസകരമായ ഒരു നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വികാരം സില്‍വര്‍ലൈനിന് എതിരായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ലാഭകരമോ ശാസ്ത്രീയമോ അല്ലാത്ത പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. പരിസ്ഥിതിയെ തകര്‍ക്കുന്ന ഈ പദ്ധതി അഴിമതി മാത്രം ലക്ഷ്യം വെച്ചാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഈ പദ്ധതി നടപ്പിലാക്കരുതെന്നാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്ക് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ പൊലീസിന്റെ സഹായം ഉപയോഗിച്ച് ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍, സര്‍വേ നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്നാണ് ഇന്ന് കേന്ദ്രം വ്യക്തമാക്കിയത്. കേരളം സമര്‍പ്പിച്ച ഡി പി ആര്‍ അപൂര്‍ണമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം എം പിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിആഘാത പഠനം നടന്നിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്ക് ഏതെങ്കിലും വിധത്തിലുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനോട് രേഖാമൂലം ആരായുകയായിരുന്നു. നിലവില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോള്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights : k surendran response silver line centre approval

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top