ഞാൻ ഇപ്പോഴും ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്ന് ഇതാണ്; ജീവനുമായി പോരാടിയ നിമിഷത്തെ കുറിച്ച് വാവ സുരേഷ്

പാമ്പുകളെ ഏറെ പേടിയോടെയും അറപ്പോടെയും കണ്ടിരുന്ന മലയാളികളെ പാമ്പിനെ സ്നേഹിക്കാനും പാമ്പുകളെ കുറിച്ച് കൂടുതൽ അറിയാനും ഏറെക്കുറെ സഹായിച്ചത് വാവ സുരേഷ് തന്നെയാണ്. ഏതു സ്ഥലത്തും ഏതു സമയത്തും ഒരു സാധാരണക്കാരന്റെ വിളിപ്പുറത്ത് സുരേഷ് ഉണ്ടായിരുന്നു എന്നത് തന്നെയാകാം വാവ സുരേഷിന് ഇത്രയും ജനപ്രീതി നേടിക്കൊടുക്കാൻ കാരണവും. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ പുറത്ത് വാവ സുരേഷിന്റെ ജീവനായി പ്രാർത്ഥിക്കുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട്.
ജനപ്രീതിയ്‌ക്കൊപ്പം തന്നെ വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതിയ്‌ക്കെതിരെ ഏറെ വിമർശനങ്ങളും ഈ കാലയളവിൽ അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനു മുമ്പ് മുന്നൂറോളം തവണ പാമ്പ് കടിയേറ്റ സുരേഷ് പതിനൊന്ന് തവണ വെന്റിലേറ്ററിലും കിടന്നിട്ടുണ്ട്. എല്ലാ തവണത്തേയും പോലെ ഇത്തവണയും വാവ സുരേഷിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. പന്ത്രണ്ടാം വയസിലാണ് വാവ സുരേഷ് പാമ്പുകളെ പിടിച്ച് തുടങ്ങുന്നത്. 35 വർഷമായി സുരേഷ് ഈ രംഗത്തുണ്ട്. അതിൽ തന്നെ സ്വന്തം വാഹനത്തിൽ സ്വയം ചെലവുകളെടുത്താണ് അദ്ദേഹം പാമ്പിനെ പിടിക്കാൻ പോകുന്നത്. ആരെങ്കിലും നൽകുകയാണെങ്കിൽ മാത്രമേ പ്രതിഫലം സ്വീകരിക്കാറുള്ളു. സാധാരക്കാരാണ് കൂടുതലായും സുരേഷിനെ വിളിക്കുന്നത്. അതുകൊണ്ട് തന്നെ മിക്കയിടങ്ങളിലും പ്രതിഫലം ഒന്നും വാങ്ങാതെയാണ് സുരേഷ് പാമ്പിനെ പിടിക്കുന്നത്.
ജീവിതത്തിൽ സുരേഷ് നിരന്തരമായി നേരിട്ട ചോദ്യമാണ് പാമ്പുമായി ഇങ്ങനെ ഇടപഴകുമ്പോൾ, നിരന്തരമായി കടിയേൽക്കുമ്പോൾ പേടി തോന്നാറില്ലേ എന്നത്. അതിനും വ്യക്തമായ ഉത്തരം എന്നും സുരേഷിന്റെ പക്കലിൽ ഉണ്ടായിരുന്നു. എങ്കിലും ജീവിതത്തിൽ താൻ ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷത്തെ കുറിച്ച് 24 ന്യൂസിന്റെ ജനകീയ കോടതിയിൽ വാവ സുരേഷ് പറയുന്നുണ്ട്. പരിപാടിയിൽ കാണിച്ച പാമ്പുകടിയേൽക്കുന്ന ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വാവ സുരേഷിന്റെ ഈ പ്രതികരണം. എനിക്ക് വലത്തെ കൈയിന്റെ സ്വാധീനം നഷ്ടപ്പെട്ടത് ഈ പാമ്പ് കടിയിലാണ്. പാമ്പ് കടിയേറ്റ ഉടനെ സുരേഷ് തളർന്നു വീഴുകയും മരണപെട്ടു എന്ന് കരുതിയ നിമിഷമായിരുന്നു ഇതെന്നും സുരേഷ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്നാണിത് ഇത് എന്നും പ്രോഗ്രാമിൽ സുരേഷ് പ്രതികരിച്ചു.
ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടുകയാണ് സുരേഷ്. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോട്ടയം കുറിച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം. വാവ സുരേഷ് പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു. ഇതിനും മുമ്പും സമാനമായ സാഹചര്യത്തിൽ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here