Advertisement

കൊവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോര്‍ജ്

February 4, 2022
1 minute Read

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു.

ഐസിയു വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 3,66,120 കൊവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്‌സിനേഷന്‍

സംസ്ഥാനത്തെ വാക്‌സിനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. 15 മുതല്‍ 17 വയസു വരെ 73 ശതമാനം പേര്‍ (11,36,374) വാക്‌സിനെടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിച്ചു. 2.3 ശതമാനമാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ (35,410). 18 വയസിന് മുകളില്‍ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവുമാണ്. കരുതല്‍ ഡോസ് 40 ശതമാനമാണ് (6,59,565).

ക്യാന്‍സര്‍ സ്ട്രാറ്റജി

ആരോഗ്യ വകുപ്പ് കേരള ക്യാന്‍സര്‍ രജിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റുവെയര്‍ ഇ-ഹെല്‍ത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ 3 മേഖലകളായി തിരിച്ചാണ് ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നത്. ആര്‍സിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാന്‍സര്‍ രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്യാന്‍സര്‍ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്യാന്‍സര്‍ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്.

കൊവിഡ് മരണം പരാമര്‍ശം നിര്‍ഭാഗ്യകരം

കൊവിഡ് മരണം സംബന്ധിച്ചുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഈ മഹാമാരിക്കാലത്ത് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ല. കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചു. ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. വാക്‌സിനേഷനില്‍ വലിയ പുരോഗതി കൈവരിച്ചു. രോഗ ലക്ഷണമുള്ളവര്‍ക്ക് പരിശോധന നടത്തുന്നതിനാലാണ് ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ടെസ്റ്റ് പര്‍ മില്യണില്‍ കേരളമാണ് മുന്നില്‍.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം കൊവിഡ് വന്ന് മരണമടഞ്ഞവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പരമാവധി ആളുകള്‍ക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും മരണ നിരക്ക് ഇപ്പോഴും കേരളത്തേക്കാള്‍ വളരെ ഉയരെയാണ്. ഇന്ത്യയിലെ മരണ നിരക്ക് 1.4 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 1.83 ശതമാനവും ഡല്‍ഹിയില്‍ 1.41 ശതമാനവും കര്‍ണാടകയില്‍ 1.01 ശതമാനവുമാണ് മരണ നിരക്ക്. അതേസമയം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് പോലും സംസ്ഥാനത്തെ നിലവിലെ മരണ നിരക്ക് .9 ശതമാനം മാത്രമാണ്. പഴയ മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരുന്നാല്‍. 5 ശതമാനം മാത്രമാണ്. അതിനാല്‍ സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ഒരു സമയത്തും ക്രമാതീതമായി ഉയര്‍ന്നിട്ടില്ല.

കേരളം വളരെ സുതാര്യമായാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈനായി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇക്കാര്യത്തില്‍ കേരളത്തെ സുപ്രീം കോടതി കോടതി പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: covid spread is declining veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top