Advertisement

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിന് 10 വര്‍ഷം

February 4, 2022
1 minute Read

അഭിനയ ജീവിതം തുടങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 2012ല്‍ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ സിനിമാ ലോകത്തേയ്‌ക്കെത്തുന്നത്.

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അദ്ദേഹം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചാണ് സിനിമാപ്രേമികളോട് സന്തോഷം അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുണ്ട്.
‘പത്ത് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും ജനിച്ചു’ എന്ന് പറഞ്ഞ് തുടങ്ങുന്ന ഇന്‍സ്റ്റഗ്രാം കുറിപ്പ് മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആദ്യസിനിമയായ സെക്കന്‍ഡ് ഷോയിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ദുല്‍ഖറിന്. പത്ത് വര്‍ഷത്തിനിടയില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഉസ്താദ് ഹോട്ടല്‍, എ.ബി.സി.ഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സി.ഐ.എ, പറവ, മഹാനടി, സല്യൂട്ട്, കുറുപ്പ്, ലവ് ഇന്‍ അന്‍ജെഗോ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത് ചാര്‍ളി എന്ന ചിത്രമാണ്. ഇത് ഏറെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.

അഭിനയത്തിന് പുറമേ പിന്നണി ഗാനനരംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കും താരം ചുവട് വച്ചു. കാര്‍വാന്‍, ദ സോയ ഫാക്ടര്‍ എന്നീ ഹിന്ദി ചിത്രങ്ങളിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വാഫേറര്‍ ഫിലിംസ് എന്ന നിര്‍മാണക്കമ്പനി ഇന്ന് മലയാള സിനിമയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്.

ദുല്‍ഖറിന്റെ ഹേ സിനാമിക എന്ന തമിഴ് ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അദിതി റാവു, ഹൈദരി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വസന്ത സംഗീതസംവിധാനവും പ്രീത ജയരാമന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 മാര്‍ച്ചിലാണ് ആരംഭിച്ചത്.

ദുല്‍ഖര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍:

”പത്ത് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും കലയാല്‍ ജനിച്ചു. കടലുകള്‍ എന്നെ വളര്‍ത്തി. സൂര്യന്റെ പിതാവായ സമുദ്രം എനിക്ക് ഭൂമിയും മഴയും ചിലപ്പോള്‍ അനുയോജ്യമായ തണലും നല്‍കി. എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരോടൊപ്പം ഞാനും വളര്‍ന്നു. എന്റേതായ നിറങ്ങളും സുഗന്ധങ്ങളും ഞാന്‍ കണ്ടെത്തി. ഇപ്പോള്‍ കാറ്റ് എന്റെ അടുത്തും ദൂരത്തുമായുമുണ്ട്. എല്ലായിടത്തും വസന്തമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാവര്‍ക്കും അതിരുകളില്ലാത്ത നന്ദി. എന്നാല്‍ കൂടുതലും സമുദ്രങ്ങളോടാണ്. നിന്റെ കാറ്റില്‍ ഞാന്‍ ചരിയുന്നു.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top