Advertisement

കാൻസറിനെ പേടിക്കണോ; രോഗത്തെ കുറിച്ചറിയാം നേരിടാം ഒരുമിച്ച്…

February 4, 2022
1 minute Read

കാൻസർ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ആശങ്കകൾ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായി ആചരിക്കുന്നത്. യുഐസിസി അഥവാ യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ ആണ് കാൻസർ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ക്ലോസ് ദി കെയർ ഗ്യാപ് അതായത് കാൻസർ ലോകത്തെ നിലനിൽക്കുന്ന പല രീതിയിലുള്ള അസമത്വങ്ങൾ തുടച്ചു നീക്കുക എന്നതാണ് അടുത്ത മൂന്ന് വർഷത്തേക്ക് കാൻസർ തീം. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, രോഗികളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക, സാമ്പത്തികമായും അല്ലാതെയും രോഗികൾ നേരിടുന്ന അസമത്വങ്ങൾ തുടച്ചു നീക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി തന്നെ എല്ലാവർഷവും ഫെബ്രുവരി 4 നു ലോകമെമ്പാടും കാൻസർ അവബോധവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.

കാൻസർ രോഗം വർധിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു പത്ത് വർഷം കൊണ്ട് കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പക്ഷെ അതിനെ പറ്റി ഓർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. രോഗത്തെ പറ്റി കൂടുതൽ നന്നായിട്ട് അറിയാൻ ശ്രമിക്കുകയും രോഗത്തെ കുറിച്ച് മനസിലാക്കി അതിനെ നേരിടാൻ തയ്യാറെടുക്കുകയുമാണ് വേണ്ടത്.

കൊവിഡ് കാലഘട്ടവും കാൻസറും

കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് പോരാട്ടത്തിലാണ് നമ്മൾ. പടർന്നു പിടിക്കുന്ന പകർച്ചവ്യാധിയിൽ നമ്മളെല്ലാവരും ഭയന്നിരുന്നു എന്നത് സത്യം തന്നെയാണ്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ കാൻസർ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്?

പ്രധാനമായും പ്രതിരോധ ശക്തിയിൽ ശ്രദ്ധിക്കുക എന്നതാണ് ചെയ്യാനുള്ളത്. നമുക്ക് അറിയാം കുറഞ്ഞ പ്രതിരോധ ശക്തിയുള്ളവരാണ് കാൻസർ രോഗികൾ. അതിൽ തന്നെ കാൻസറിന് ചികിത്സ എടുത്ത് കൊണ്ട് ഇരിക്കുന്നവരുടെ പ്രതിരോധ ശക്തി വീണ്ടും കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ശാസ്ത്രീയമായി പറയുന്നത്.

മാത്രവുമല്ല കൊവിഡ് പിടിപെടുന്ന സാഹചര്യത്തിൽ മിക്ക രോഗികൾക്കും കാൻസർ ചികിത്സയിൽ കാലതാമസം എടുക്കുന്നു എന്നത് തന്നെയാണ് രോഗികൾ നേരിടുന്ന പ്രധാന പ്രശ്നം. കീമോ പോലുള്ള തെറാപ്പിയിലൂടെ കടന്നുപോകുന്നവരാണെങ്കിൽ തെറാപ്പി നിർത്തി വെച്ച് അടുത്ത പത്തോ പതിനഞ്ചോ ദിവസത്തിന് ശേഷം മാത്രമേ ചികിത്സ തുടങ്ങാൻ സാധിക്കുകയുള്ളു. പക്ഷെ അതിൽ നിന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു പ്രശ്‌നം പലരും ആശുപത്രിയിലേക്ക് വരാൻ ഭയക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ പലരും രോഗം ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ വൈകി എന്നൊരു സാഹചര്യം കൊവിഡ് സമയത്ത് നിലവിലുണ്ട്.

റേഡിയേഷൻ എന്തിന്?

പണ്ടത്തെ പോലെയല്ല കാൻസർ ചികിത്സാരീതിയിൽ നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇപ്പോൾ നിലവിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഭയപ്പെടാതെ തന്നെ രോഗത്തെ നേരിടാൻ നമുക്ക് സാധിക്കും. ഒരു കാൻസർ രോഗിയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകളുള്ള ഒന്നാണ് റേഡിയേഷൻ.

പക്ഷെ നമുക്ക് അറിയാം കാൻസർ ചികിത്സയിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് റേഡിയേഷൻ. കാൻസർ സെൽസിനെ എക്സറേസ് ഉപയോഗിച്ച് നശിപ്പിക്കുക എന്നതാണ് റേഡിയേഷന്റെ ശാസ്ത്രീയമായ പ്രിൻസിപ്പൽ. അതായത് ഒരു 100 കാൻസർ രോഗികളിൽ ഒരു 65 തൊട്ട് 70 ശതമാനം പേരിലും ഏതെങ്കിലും ഒരു സ്റ്റേജിൽ റേഡിയേഷൻ ആവശ്യമായി വരും. അതിൽ ഭൂരിഭാഗം പേരിലും രോഗം ചികിത്സിച്ച് ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയേഷൻ ചെയ്യുന്നത്. ഒരു ചുരുങ്ങിയ ശതമാനം പേരിൽ അതായത് ഒരു 20-25 ശതമാനം പേരിൽ രോഗം ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കാം. പക്ഷെ റേഡിയേഷനിലൂടെ അവരുടെ രോഗലക്ഷണങ്ങളും രോഗം കൊണ്ടുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കാനും വേണ്ടിയാണ് റേഡിയേഷൻ ചികിത്സ ചെയ്യുന്നത്. അതായത് റേഡിയേഷനിലൂടെ കാൻസർ രോഗിയുടെ രോഗാവസ്ഥയിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആദ്യഘട്ടത്തിലുള്ളവരിൽ രോഗം പൂർണമായും മാറ്റാനും ലക്ഷ്യമിട്ടാണ് റേഡിയേഷൻ ചെയ്യുന്നത്.

ക്യാൻസറിനെ പേടിക്കണോ?

നേരത്തെ സൂചിപ്പിച്ചതുപോലെതന്നെ കാൻസർ ചികിത്സ രീതിയിൽ നമ്മൾ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ പോലും കാൻസർ വന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല എന്ന് കരുതുന്നവർ നിരവധിയിണ്ട്. അതുകൊണ്ട് തന്നെ രോഗ നിർണയം നടത്താനും ടെസ്റ്റ് ചെയ്യാനും തന്നെ മിക്കവരും ഭയക്കുന്നു എന്നത് സത്യം തന്നെയാണ്. കാൻസർ ചികിത്സിച്ച ഭേദമാക്കാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ കൂടുതലാണ്.

Read Also : പ്രതിവര്‍ഷം 60,000ത്തോളം പുതിയ രോഗികള്‍; ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനം

എല്ലാ കാൻസറുകൾക്കും ചികിത്സയുണ്ട്. മിക്ക കാൻസറുകളും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയുമാണ്. ഈ വസ്തുത പലരും ഉൾക്കൊള്ളുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയ്ക്ക് കാൻസർ ചികിത്സിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യതയും വർദ്ധിച്ചു.
ശ്രദ്ധിക്കേണ്ടത് ഇതാണ്. ശാസ്ത്രീയമായി, മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ തന്നെ രോഗത്തെ ചികിത്സിക്കുക. രോഗത്തെ കുറിച്ച് ശരിയായ അറിവ് നേടാൻ ശ്രമിക്കുക. അല്ലാത്ത ചികിസ്ത രോഗാവസ്ഥ കൂടുതൽ വഷളാക്കാനേ ഉപകരിക്കുകയുള്ളൂ. തെറ്റായ ചികിത്സയിലൂടെ കാൻസറിനെ തുരത്താം എന്ന് കരുതരുത്.

കേരളത്തിൽ കൂടുതലായും കണ്ടുവരുന്ന കാൻസറുകൾ

സ്ത്രീകളിൽ പ്രധാനമായും കാണുന്നത് സ്തനാർബുധം, അണ്ടാശായ കാൻസർ, ഗർഭാശയ മുഖത്തിൽ വരുന്ന കാൻസർ, കുടൽ കാൻസർ എന്നിവയാണ്. പുരുഷന്മാരിൽ കൂടുതലായും കാണുന്നത് ശ്വാസകോശത്തിൽ പിടിപെടുന്ന ക്യാൻസർ, വായിൽ വരുന്ന കാൻസർ എന്നിവയാണ്. അതിനു പ്രധാന കാരണം പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്, പുകവലി എന്നിവയാണ്. പുകവലി കഴിഞ്ഞാൽ ക്യാൻസർ പിടിപെടാനുള്ള മറ്റൊരു പ്രധാന കാരണം ജീവിത ശൈലിയാണ്. ഭക്ഷണ രീതിയ്ക്ക് അതിൽ ഒരു പങ്കുണ്ട്.

Story Highlights : world cancer day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement