ലതാ മങ്കേഷ്‌കറുടെ വിയോഗം: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. ഗായികയുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബിജെപിയുടെ തീരുമാനം. പത്രിക പുറത്തിറക്കുന്നതിനുള്ള പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഉത്തര്‍ പ്രദേശ് ബിജെപി നേതൃത്വം വ്യക്തമാക്കി.
ക്ഷേത്ര നഗരങ്ങളായ കാശി, മധുര എന്നിവയുടെ വികസനത്തിലും ദേശീയതയിലും ഊന്നിക്കൊണ്ടുള്ള പ്രകടന പത്രികയാകും ബിജെപി ഇത്തവണ പുറത്തിറക്കുകയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ലോക് കല്യാണ്‍ സങ്കല്‍പ് പത്ര എന്ന പേരിലാണ് ബിജെപിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഉത്തര്‍ പ്രദേശിലേക്കായി പാര്‍ട്ടി പ്രകടന പത്രിക തയ്യാറാക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പത്രിക പുറത്തിറക്കുമെന്നായിരുന്നു മുന്‍പ് പ്രഖ്യാപിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ്, കെ പി മൗര്യ, സ്വതന്ത്ര ദേവ് സിംഗ് എന്നിവര്‍ രണ്ട് മിനിറ്റ് മൗനാചരണത്തിനുശേഷം പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചതായി പ്രഖ്യാപിക്കുയായിരുന്നു. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്‌കാരം.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
Story Highlights: bjp postponed manifesto for up election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here