Advertisement

‘തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും ആട്ടിമറിക്കപ്പെട്ട അവസ്ഥ’; രാജീവ് ചന്ദ്രശേഖർ

2 hours ago
2 minutes Read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം അടക്കമുള്ള നിരവധി നഗരസഭകളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് പരാതികൾ ഇതിനകം ലഭിച്ചിട്ടും അവയൊന്നും കാര്യമായി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. സർവകക്ഷി യോഗത്തിൽ അടക്കം ബിജെപി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കോടതികളെ സമീപിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വാർഡ് വിഭജനത്തിൽ ഗുരുതര പ്രശ്നങ്ങളാണ് കടന്നുകൂടിയിട്ടുള്ളത്. ഡീലിമിറ്റേഷൻ സംബന്ധിച്ച് നൽകിയ പരാതികൾ മുഖവിലക്കെടുക്കാതെ നടത്തിയ വാർഡ് വിഭജനം തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന രീതിയിലേക്കാണ് നിലവിൽ എത്തിച്ചേർന്നിരിക്കുന്നത്. തെളിവുകൾ സഹിതമുള്ള നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടും ഡീലിമിറ്റേഷൻ കമ്മീഷൻ അവയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. സിപിഐഎമ്മിന്റെ താൽപര്യത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പരാതികൾ മുഖവിലയ്ക്കെടുക്കാതെ നടത്തിയ അതിർത്തി പുനർനിർണയം അപാകതകൾ ഒരുപാട് നിറഞ്ഞതാണ്. പല വാർഡുകളിലെയും അതിർത്തിക്കുള്ളിൽ നിശ്ചയിച്ച വീടുകൾ കൂടാതെ 500 വോട്ടുകൾ വരെ മാറ്റിച്ചേർക്കപ്പെട്ടിട്ടുണ്ട്. വാർഡ് പരിധിക്ക് ഉള്ളിലല്ലാത്ത വീടുകൾ പോലും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. ഡീലിമിറ്റേഷൻ മാപ്പുകൾക്ക് യാതൊരുവിധ വിലയും കൽപ്പിക്കാതെയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരേ വീടിന്റെ പേരിലും നമ്പറിലും നിരവധി വീടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ധാരാളം അടിസ്ഥാന പ്രശ്നങ്ങളും ക്ലറിക്കൽ മിസ്റ്റേക്കുകളും നിറഞ്ഞതാണ് വോട്ടർ പട്ടിക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ അടിസ്ഥാന രേഖയായ വോട്ടർ പട്ടികക്ക് യാതൊരു വിലയും നൽകാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എൽഡിഎഫിന് വേണ്ടി ജനഹിതം അട്ടിമറിക്കാൻ ആണെന്ന് ബിജെപി സംശയിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഈ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ച് പരാതികൾ പരിഹരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പ്രക്ഷോഭങ്ങളിലേക്കും നിയമ നടപടികളിലേക്കും കടക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights : ‘Local election process has been completely sabotaged’; Rajeev Chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top