‘വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അതിദാരുണം’; മിഥുന്റെ വീട് സന്ദര്‍ശിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മിഥുന്റെ വീട് സന്ദര്‍ശിക്കും. നാളെ വൈകിട്ട് 3 മണിയ്ക്ക് വീട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അതിദാരുണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
എയ്ഡഡ് സ്‌കൂളുകള്‍ പോലും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖല എത്രത്തോളം കുത്തഴിഞ്ഞു എന്നതിന്റെ തെളിവാണ്. സ്‌കൂള്‍ കെട്ടിടവും അപകടത്തിന് കാരണമായ ലൈന്‍ കമ്പിയും തമ്മില്‍ 1.7 മീറ്റര്‍ മാത്രമാണ് അകലം ഉണ്ടായിരുന്നത്. കുറഞ്ഞത് 2.5 മീറ്റര്‍ എങ്കിലും അകലം വേണമെന്നാണ് ചട്ടം. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലൂടെ ലൈന്‍ കമ്പി കുട്ടികള്‍ക്ക് കൈയെത്തും ദൂരത്ത് എങ്ങനെ വന്നു എന്നതിന് അധികൃതര്‍ ഉത്തരം പറയണം. സിപിഐഎം അനുകൂല മാനേജ്‌മെന്റ് ആണെന്ന് എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. – അദ്ദേഹം പറഞ്ഞു.
Read Also: മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി KSEB
സ്‌കൂളിന് ഫിറ്റ്‌നസ് ഉള്‍പ്പെടെ എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണമെന്നും ഫിറ്റ്‌നസ് നല്‍കിയ അധികൃതക്കെതിരെയും മാനേജ്‌മെന്റിനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും ഉള്‍പ്പെടെ എപ്പോഴും കുറ്റം പറയുന്ന വിദ്യാഭ്യാസ മന്ത്രി, സ്വന്തം വകുപ്പിന് കീഴിലെ എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരമെങ്കിലും കുറഞ്ഞപക്ഷം പരിശോധിക്കണം. അതിനുപോലും കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് മാറിനില്‍ക്കണം. നാടിന്റെ വളര്‍ന്നുവരുന്ന തലമുറയുടെ ഭാവി നശിപ്പിക്കുന്ന നിലപാടും ഭരണവും അവസാനിപ്പിക്കണം – രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഇനി ഒരാള്‍ക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ നിലവാരം പരിശോധിച്ച് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കണം. വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. സ്‌കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പി എം ശ്രീ പോലുള്ള പദ്ധതികളോട് മുഖം തിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ജീവനും ജീവിതവും വെച്ച് രാഷ്ട്രീയം കളിക്കുകയാണ് – രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
Story Highlights : Rajeev Chandrasekhar to visit Mithun’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here