‘ഈ പോരാട്ടം ഒറ്റയ്ക്ക് ജയിക്കാനാകില്ല, ജനങ്ങളും എനിക്കൊപ്പം ചേര്‍ന്ന് പൊരുതണം’; ആദ്യ പ്രതികരണവുമായി ചന്നി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ആദ്യ പ്രതികരണവുമായി ചരണ്‍ജിത്ത് സിംഗ് ചന്നി. തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ചന്നിയുടെ ആദ്യ പ്രതികരണം. ഈ പോരാട്ടം തനിക്ക് ഒറ്റയ്ക്ക് ജയിക്കാനാകില്ല. പഞ്ചാബ് ജനതയുടെ പൂര്‍ണ പിന്തുണ തനിക്ക് വേണം. ജനങ്ങളുടെ പിന്തുണ ഇല്ലാതെ പൊരുതാനുള്ള ധൈര്യമോ പണമോ തനിക്കില്ലെന്നും ചന്നി കൂട്ടിച്ചേര്‍ത്തു. അല്‍പ സമയം മുന്‍പ് രാഹുല്‍ ഗാന്ധിയാണ് ചന്നിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനായി താന്‍ മുഖ്യമന്ത്രിയായിരുന്ന 111 ദിനങ്ങള്‍ അക്ഷീണം പരിശ്രമിച്ചതായി ചന്നി പറഞ്ഞു. തുടര്‍ന്നും പഞ്ചാബിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് താന്‍ പോരാടുന്നതെന്നും ചന്നി വ്യക്തമാക്കി. ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിനെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. മണല്‍ കള്ളനെ മുഖ്യമന്ത്രിയാക്കിയതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങളെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പരിഹാസം. ചന്നി മുഖ്യമന്ത്രിയായ സമയത്ത് ഉയര്‍ന്നുവന്ന മണല്‍ ഖനന ആരോപണങ്ങള്‍ ഉള്‍പ്പെടെ സൂചിപ്പിച്ചാണ് പരിഹാസം.
ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് മുഖ്യമന്ത്രിയായി ചന്നി തന്നെ മതിയെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേരുന്നത്. ലുധിയാനയിലെ വെര്‍ച്വല്‍ റാലിയില്‍ വെച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു പുകഴ്ത്തി. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് സിദ്ദുവിന്റെ പരാമര്‍ശം. വേദിയില്‍ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു.
പി സി സി അധ്യക്ഷന്‍ സുനില്‍ഝാക്കര്‍, കെ സി വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here