Advertisement

ഭൂമി തരം മാറ്റൽ; അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

February 6, 2022
1 minute Read

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് നിർദേശം. ഭൂമി തരം മാറ്റലുമായി ബന്ധപെട്ട നടപടിക്രമങ്ങളില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നിർദേശം.

ഭൂമി തരംമാറ്റുന്നതിനായി ഫോര്‍ട്ട്കൊച്ചി ആര്‍ഡി ഓഫിസില്‍ മാത്രം കെട്ടികിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകളാണ്. ഭൂമി തരം മാറ്റലുമായി ബന്ധപെട്ട നടപടിക്രമങ്ങളില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് 25000ത്തോളം അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്ക് തന്നെ വ്യക്തമാക്കുന്നത്. ഇത്രയും അപേക്ഷകള്‍ കെട്ടികിടക്കുമ്പോഴും അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കാര്യമായി പുരോഗമിക്കുന്നില്ലെന്നതാണ് വസ്തുത. കാലതാമസം പരിഹരിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചിയില്‍ ഡിസംബര്‍ 24നും ജനുവരി ആറിനുമായി രണ്ട് അദലാത്തുകള്‍ സംഘടിപ്പിച്ചെങ്കിലും 140 അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കാനായത്. ഡിസംബര്‍ മുതല്‍ ഇതുവരെ ആദാലത്തിലുള്‍പ്പെടെയായി 4000ത്തോളം അപേക്ഷകള്‍ മാത്രമാണ് പരിഹരിക്കാന്‍ കഴിഞ്ഞതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Read Also : ഭൂമി തരംമാറ്റല്‍; സജീവന്റെ ആത്മഹത്യയില്‍ തെളിവെടുപ്പ് നടത്തി

ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന പരാതി നേരത്തേ മുതല്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫിസിനെ സംബന്ധിച്ചുണ്ട്. ഈ ഓഫിസിലുണ്ടായിരുന്ന ജീവനക്കാര്‍ ഫയലുകള്‍ നീക്കുന്നതില്‍ കാണിച്ച അലംഭാവമാണ് ഇപ്പോള്‍ ഒരു ജീവന്‍ പൊലിയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടത്തോടെ സ്ഥലം മാറ്റി പകരം ജീവനക്കാരെ വച്ചെങ്കിലും നടപടികളില്‍ കാര്യമായ വേഗതയുണ്ടായില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പുതിയതായി എത്തിയ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതുമാണ് കാര്യങ്ങള്‍ സുഗമമായി പോകുന്നതിന് തടസമായതെന്നും പറയുന്നു. മറ്റിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷനായി ജീവനക്കാരെ വെച്ച് അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്.

Story Highlights: Ernakulam district collector on land converting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top