ഭൂമി തരംമാറ്റല്‍; സജീവന്റെ ആത്മഹത്യയില്‍ തെളിവെടുപ്പ് നടത്തി

പറവൂരില്‍ മത്സ്യത്തൊഴിലാളി സജീവന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസര്‍, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേള്‍ക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യുമന്ത്രിക്കും പരാതി നല്‍കും. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി കെ. രാജന് പറഞ്ഞു. വിഷയത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീരുമാനമുണ്ടാക്കും. മുന്‍ഗണനാ ക്രമത്തിലായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യുമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സജീവന്റെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. സജീവിന്റെ അപേക്ഷയില്‍ കാലതാമസം ഉണ്ടായിട്ടില്ല. വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നു. സജീവിന്റെ ആദ്യ അപേക്ഷയില്‍ ഒക്ടോബറിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സജീവന് ഡിസംബറില്‍ നല്കിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തതായി കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
സജീവന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം. ഉദ്യോഗസ്ഥര്‍ക്കെതിരെ സജീവിന്റെ കുടുംബം രംഗത്തുവന്നു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് കുടുംബം. കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ
മാല്യങ്കര കോയിക്കല്‍ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ ഒന്നര വര്‍ഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുകളുടെ ആരോപണം.
Story Highlights: paravoor sajeevan, land reclassification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here