താലിബാനുമായി ചര്‍ച്ച നടത്തി ബിന്‍ ലാദന്റെ മകന്‍; യു.എന്‍ റിപ്പോര്‍ട്ട് പുറത്ത്

അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിസ്ഥാനിലെത്തി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡി സാങ്ഷന്‍ മോണിറ്ററിംഗ് ടീമാണ് വിവാദമായ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താലിബാനും അല്‍-ഖ്വയിദയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. (Osama bin Laden’s son)
അല്‍-ഖ്വയിദ, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്നീ തീവ്രവാദ സംഘടനകള്‍, സമാന സ്വഭാവമുള്ള മറ്റ് സംഘടനകള്‍, സഹ സംഘടനകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഈയാഴ്ച പുറത്തുവിട്ടത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുക്കുന്നത് ആഗസ്റ്റിലാണ്. അതിന് തൊട്ടുപിന്നാലെ താലിബാനെ അഭിനന്ദിച്ച് അല്‍-ഖ്വയിദ രംഗത്തെത്തിയിരുന്നു.
Read Also : ഓസ്ട്രേലിയന്‍ എംബസിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ;<br>മുന്‍ എംബസി ജീവനക്കാരനെതിരെ കേസ്
എന്നാല്‍ പിന്നീട് അല്‍-ഖ്വയിദയുടെ ഭാഗത്ത് നിന്നും താലിബാന്‍ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. താലിബാന് കീഴിലുള്ള അഫ്ഗാനിലെയും സമീപരാജ്യങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങളെപ്പറ്റിയും പ്രതിസന്ധികളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അഫ്ഗാനില്‍ താലിബാന് പുറമേയുള്ള വിദേശ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമായി നടക്കുകയാണെന്നും ഇത് തടയാന്‍ താലിബാന്‍ നടപടികളെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീവ്രവാദസംഘങ്ങള്‍ക്ക് അഫ്ഗാനില്‍ വലിയ സ്വാതന്ത്ര്യമാണുള്ളതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഒസാമ മെഹ്മൂദാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയിദയുടെ പ്രധാന നേതാവ്. ഇന്ത്യ, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി 200 മുതല്‍ 400 വരെ അനുയായികളാണ് അല്‍-ഖ്വയിദക്കുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
Story Highlights: Osama bin Laden’s son visited Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here