രഞ്ജി ട്രോഫി; ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി, ക്രുണാൽ ടീമിൽ

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിൽ കളിക്കില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പട്ടികയിൽ ഹാർദിക്കിന്റെ പേര് ഉണ്ടായിരുന്നില്ല. ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെയും വിഷ്ണു സോളങ്കിയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി 10 നാണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് മുതൽ ഹാർദിക് ടീമിന് പുറത്താണ്. നട്ടെല്ലിൻ്റെ പരുക്ക് കാരണം ഹാർദിക് വിശ്രമത്തിലാണ്. നേരത്തെ ടി20 ലോകകപ്പിൽ ബൗൾ ചെയ്യാതിരുന്നതിന് താരത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 28-കാരനായ ഹാർദിക് 2018 ഡിസംബറിന് ശേഷം റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിയിൽ മുഴുവൻ സമയ ക്യാപ്റ്റനായി തന്റെ കന്നി അരങ്ങേറ്റം നടത്താനൊരുങ്ങുന്ന ഹാർദിക് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
അതേസമയം ഹാർദിക്കിന്റെ സഹോദരൻ ക്രുണാൽ പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രഞ്ജി ട്രോഫിയിൽ ഓൾറൗണ്ടർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു കൊവിഡ് കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന ടൂർണമെന്റ് ജനുവരി 13 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും രാജ്യത്തുടനീളമുള്ള മൂന്നാമത്തെ തരംഗം കാരണം വീണ്ടും മാറ്റിവച്ചു.
ബറോഡ സ്ക്വാഡ്: കേദാർ ദേവ്ധർ, വിഷ്ണു സോളങ്കി, പ്രത്യുഷ് കുമാർ, ശിവാലിക് ശർമ്മ, ക്രുണാൽ പാണ്ഡ്യ, അഭിമന്യുസിംഗ് രജ്പുത്, ധ്രുവ് പട്ടേൽ, മിതേഷ് പട്ടേൽ, ലുക്മാൻ മെരിവാല, ബാബാസഫിഖാൻ പത്താൻ (WK), അതിത് ഷെത്ത്, ഭാർഗവ് ഭട്ട്, എസ്. കാർത്തിക് കകഡെ, ഗുർജിന്ദർസിംഗ് മാൻ, ജ്യോത്സ്നിൽ സിംഗ്, നിനാദ് രത്വ, അക്ഷയ് മോർ.
Story Highlights: hardik-pandya-to-skip-ranji-trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here