യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ലോകായുക്തയ്ക്ക് അധികാരം തിരികെ നല്‍കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ലോകായുക്തയ്ക്ക് അധികാരം തിരികെ നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞ് ഉപദേശക സമിതിയാക്കി മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഓര്‍ഡിനന്‍സിനെതിരെ സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ അത് നിയമസഭയില്‍ പ്രകടിപ്പിക്കണം. നിലവിലെ സംവിധാനം കൊണ്ട് ഇനി വലിയ കാര്യമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘അഴിമതിക്കെതിരെ ഭരണത്തില്‍ സുതാര്യത വരുത്താനായി നിരവധി പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും നടന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ഈ നീക്കത്തിലൂടെ ആശുപത്രികള്‍ക്കൊക്കെ ഉള്ളതുപോലെ പേരിനൊരു അഡൈ്വസറി കമ്മിറ്റി. അതാണ് ഇനി ലോകായുക്ത. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശുപാര്‍ശകള്‍ നല്‍കാം. ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന സിപിഐഎമ്മിനായാലും ഒരേ അഭിപ്രായമാണുള്ളത്’. കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കണമായിരുന്നു. ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
Read Also : ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയയ്ക്കണമായിരുന്നു; ലോകായുക്ത വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ബിജെപി
അതേസമയം വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ നിലപാടെടുത്തു. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.
Story Highlights: pk kunhalikutty, lokayukta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here